സന്തോഷ് ട്രോഫിയില്‍ പൊരുതിത്തോറ്റ് കേരളം; സര്‍വീസസ് ക്വാര്‍ട്ടറില്‍

ടൂർണമെന്റിൽ‌ കേരളം ഏറ്റുവാങ്ങുന്ന ആദ്യ പരാജയമാണിത്

സന്തോഷ് ട്രോഫിയിൽ സർവീസസിനോട് പരാജയം വഴങ്ങി കേരളം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളം അടിയറവ് പറഞ്ഞത്. ടൂർണമെന്റിൽ‌ കേരളം ഏറ്റുവാങ്ങുന്ന ആദ്യ തോൽവിയാണിത്. അഭിഷേക് പവാറാണ് സർവീസിന്റെ വിജയഗോൾ നേടിയത്. ഇതോടെ സർവീസസ് ക്വാർട്ടർ ഫൈനൽ സ്ഥാനം ഉറപ്പിച്ചു.

തുടക്കം മുതൽ മികച്ച പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. മത്സരത്തിന്റെ 18–ാം മിനിറ്റിൽ സർവീസിനായി അഭിഷേക് പവാർ ഗോൾ നേടിയത്. മറുപടി ഗോൾ നേടാനുള്ള കേരളത്തിന്റെ ശ്രമം കളിയിലുടനീളം ലക്ഷ്യം കണ്ടില്ല. മത്സരത്തിന്റെ രണ്ടാം പകുതിയിൽ കേരളത്തിന്റെ മധ്യനിര താരം മുഹമ്മദ് അഷർ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി.

63-ാം മിനിറ്റിൽ ആദ്യ മഞ്ഞക്കാർഡ് ലഭിച്ച അഷറിന്, രണ്ടു മിനിറ്റിനുള്ളിൽ (65') രണ്ടാം മഞ്ഞക്കാർഡും തുടർന്ന് ചുവപ്പ് കാർഡും ലഭിക്കുകയായിരുന്നു. പത്തുപേരായി ചുരുങ്ങിയെങ്കിലും അവസാന നിമിഷം വരെ പൊരുതിയ കേരളത്തിന് സമനില ഗോൾ കണ്ടെത്താനായില്ല.

നേരത്തെ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്ന കേരളം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുന്നത്. ഫെബ്രുവരി മൂന്നിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമാണ് കേരളത്തിന്റെ എതിരാളികൾ.

Content Highlights: Santosh Trophy: Services beats Kerala

To advertise here,contact us