സന്തോഷ് ട്രോഫി: കേരളം-സര്‍വീസസ് മത്സരം മാറ്റിവെച്ചു, അറിയിച്ചത് ടീം പുറപ്പെടുന്നതിന് തൊട്ടുമുന്‍പ്‌

ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരമായിരുന്നു ഇത്

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളവും സർവീസസും തമ്മിലുള്ള മത്സരം മാറ്റിവെച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് നടക്കേണ്ടിയിരുന്ന മത്സരമാണ് അവസാനനിമിഷം മാറ്റിവെച്ചത്. ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിലെ കേരളത്തിന്റെ അവസാന മത്സരമായിരുന്നു ഇത്.

ദിബ്രുഗഢ്-ധെമാജി പാതയിലുളള മിസിങ് ഗോത്രത്തിൻ്റെ ഗ്രാമത്തിൽ രണ്ട് ദിവസമായി യുവജനോത്സവം നടക്കുകയാണ്. ഇതേതുടർന്ന് ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് മത്സരം മാറ്റിയത്. ശനിയാഴ്ച രാവിലെ കേരള ടീം ദിബ്രുഗഢിൽ നിന്ന് പുറപ്പെടാൻ നിൽക്കുമ്പോഴാണ് സംഘാടകർ മത്സരം മാറ്റിയ വിവരം അറിയിക്കുന്നത്.

മാറ്റിയ മത്സരം ഞായറാഴ്ച നടക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സന്തോഷ് ട്രോഫി ടൂർണമെന്റിൽ‌ കേരളം നേരത്തെ തന്നെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ബി ചാമ്പ്യൻമാരായ കേരളത്തിന് ആതിഥേയരായ‍ അസമിനെയാണ് ക്വാർട്ടറിൽ നേരിടേണ്ടത്. ഫെബ്രുവരി മൂന്നിനാണ് കേരളം-അസം ക്വാർട്ടർ പോരാട്ടം.

Content Highlights: Kerala vs Services santosh trophy match rescheduled last minute

To advertise here,contact us