പ്രതിരോധ നിരയിലേക്ക് പുതിയ താരമായി ഗിനിയൻ താരം ഉമർ ബായെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. വരാനിരിക്കുന്ന സീസണിന് മുന്നോടിയായി ടീമിൻ്റെ പ്രധിരോധ നിര കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 31 കാരനായ ഈ സെൻ്റർ ബാക്കിനെ ക്ലബ്ബ് സ്വന്തമാക്കിയത്.
സ്പെയിനിലെ വിവിധ ക്ലബ്ബുകൾക്കായി ദീർഘകാലം കളിച്ചിട്ടുള്ള ഉമർ, യു.ഇ. സാന്റ് ആൻഡ്രൂ, ഇ.സി. ഗ്രനോളേഴ്സ്, സി.ഇ. എൽ ഹോസ്പിറ്റലെറ്റ്, ഗ്രാമ ഫൗണ്ടേഷൻ എന്നിവയുൾപ്പെടെയുള്ള ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബായ യു.ഇ. വിലാസർ ഡി മാറിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. സെൻട്രൽ ഡിഫൻസിൽ ടീമിന് കൂടുതൽ ആഴം നൽകാൻ ഉമർ ബായുടെ സാന്നിധ്യം സഹായിക്കും.
സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി:"പ്രതിരോധനിരയിൽ ടീമിന് മറ്റൊരു ഓപ്ഷൻ നൽകുന്ന സൈനിംഗാണ് ഉമറിന്റേത്. പുതിയ സീസണിലേക്ക് ടീമിനെ സജ്ജമാക്കുമ്പോൾ അദ്ദേഹത്തിൻ്റെ സാന്നിധ്യം ഗുണകരമാകും. ഉമറിനെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹം ടീമുമായി ഇണങ്ങിച്ചേരാൻ എല്ലാ പിന്തുണയും നൽകും."
ഉമർ ബാ ഉടൻ തന്നെ കൊച്ചിയിലെത്തി ടീമിനൊപ്പം ചേരും.
Content highlights: Omar Ba to sharpen up defense; Blasters bring Guinean player to the fold