അച്ഛന്റെ പാതയില്‍ മകനും! റയല്‍ മാഡ്രിഡുമായി കരാര്‍ ഒപ്പിട്ട് മാര്‍സെലോയുടെ മകന്‍ എന്‍സോ

റയൽ മാഡ്രിഡുമായി ആദ്യ പ്രൊഫഷണൽ കരാറിൽ ഒപ്പിട്ട് എൻസോ ആൽവസ്

റയൽ മാഡ്രിഡുമായി തന്റെ ആദ്യ പ്രൊഫെഷണൽ കരാറിൽ ഒപ്പിട്ട് പതിനാറുകാരനായ എൻസോ ആൽവസ്. ബ്രസീലിയൻ ഫുട്ബാളർ മാർസെലോയുടെ മകനായ എൻസോ മാതാപിതാക്കൾക്കൊപ്പമാണ് കരാറിൽ ഒപ്പുവയ്ക്കാൻ എത്തിയത്.

റയല്‍ മഡ്രിഡിന്റെ യൂത്ത് സിസ്റ്റമായ ല ഫാബ്രിക്കയിലെ അംഗമാണ് എന്‍സോ ആല്‍വസ്. അറ്റാക്കിങ്ങ് പ്ലേയറായ എന്‍സോ ഒരു മികച്ച കളിക്കാരനായി ഉയര്‍ന്ന് വരാന്‍ സാധ്യതയുളള എല്ലാ കഴിവുകളുമുള്ള താരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. റയലിന്റെ യൂത്ത് ടീം കോച്ചും ഇപ്പോഴത്തെ സീനിയര്‍ ടീമിന്റെ കോച്ചുമായ ആല്‍വാരോ അര്‍ബലോവക്കും താരത്തിന്റെ കഴിവുകളില്‍ പൂര്‍ണ വിശ്വാസമാണുള്ളത്. ഗോള്‍ സ്‌കോറിങ് മികവും, ക്ലിനിക്കല്‍ ഫിനിഷിങ്ങുകളും കൈമുതലുള്ള താരവുമായി ഒരു ദീര്‍ഘകാല പദ്ധതിയാണ് ക്ലബ് മുന്നില്‍കാണുന്നത്.

യുവനൈൽ അണ്ടർ 17 ടീമിലെ മിന്നും പ്രകടനത്തോടെയായിരുന്നു താരം ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതോടെ അണ്ടർ 19 ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് മാർസെലോയെ കണക്കാക്കുന്നത്. റയലിനായി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം കൂടിയാണ് അദ്ദേഹം. മകൻ റയലുമായി കരാർ ഒപ്പിട്ടതിലെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നായിരുന്നു മാർസെലോയുടെ പ്രതികരണം.

Content highlight: Enzo Alves signs first professional contract with Real Madrid

To advertise here,contact us