മത്സരത്തിൽ നാണംകെട്ട തോൽവി; ആരാധകർക്ക് ടിക്കറ്റ് പണം തിരികെ നൽകി മാഞ്ചസ്റ്റർ സിറ്റി

ബോഡോ/ഗ്ലിംറ്റിനോട് 3-1 ന് തോറ്റതിന് പിന്നാലെ ആരാധകർക്ക് ടിക്കറ്റ് തുക തിരികെ നൽകി സിറ്റി

ചാമ്പ്യൻസ് ലീഗിൽ നോർവീജിയൻ ക്ലബ്ബായ ബോഡോ/ഗ്ലിംറ്റിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. 22-ാം മിനിറ്റിൽ തന്നെ വലകുലുക്കി തുടങ്ങിയ ബോഡോ/ഗ്ലിംറ്റ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റിയെ മുട്ടുകുത്തിച്ചത്. ഇപ്പോൾ തോൽവിക്ക് പിന്നാലെ ആരാധകർക്ക് അവരുടെ ടിക്കറ്റ് തുക തിരികെ നൽകിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. തോൽ‌വിയിൽ ആരാധകരോട് ടീം ക്ഷമാപണവും നടത്തി. താരങ്ങൾ കൂടി ചേർന്ന് സമാഹരിച്ച പതിനൊന്നര ലക്ഷം രൂപയാണ് ക്ലബ് മത്സരം കാണാനെത്തിയ തങ്ങളുടെ ആരാധക കൂട്ടത്തിന് തിരികെ നൽകിയത്.

374 ആരാധകരാണ് മാഞ്ചസ്റ്റർ സിറ്റി - ബോഡോ/ഗ്ലിംറ്റ് പോരാട്ടം കാണാനായി ബോഡോയിലെ ആസ്പമൈറ സ്റ്റേഡിയത്തിൽ എത്തിയത്. സിറ്റിയുടെ എവേ മത്സരത്തിനായി ബോഡോയിലേക്ക് യാത്രചെയ്ത് എത്തിയ ആരാധക സംഘത്തെ നിസ്സാരപ്പെടുത്തിയതിൽ എർലിംഗ് ഹാലാൻഡ് ഖേദം പ്രകടിപ്പിച്ചു. ആ കൊടുംതണുപ്പിനെ പോലും അവഗണിച്ച് തങ്ങൾക്കായി ആർപ്പുവിളിക്കാനെത്തിയ ആരാധകർക്ക് പണം തിരികെ നൽകുന്ന കാര്യം താരങ്ങളായ ബെർണാഡോ സിൽവ, റൂബൻ ഡയസ്, റോഡ്രി, എർലിങ് ഹാളണ്ട് എന്നിവർ തന്നെയാണ് പ്രസ്താവനയിലൂടെ ഈ വിവരം അറിയിച്ചത്.

22, 24 എന്നീ മിനിറ്റുകളിൽ കാസ്പറിന്റെ ഹോഗ് ഇരട്ടഗോൾ നേട്ടത്തോടെ ബോഡോ/ഗ്ലിംറ്റിനെ മുന്നിലെത്തിച്ചു. പിന്നാലെ കളിയുടെ രണ്ടാം പകുതിയിൽ, 58 -ാം മിനിറ്റിൽ ജെൻസ് പീറ്റർ ഹൌഗ് മൂന്നാം ഗോളും നേടി സ്കോർ ബോർഡ് പൂർത്തീകരിച്ചു. സിറ്റിക്കായി റയാൻ ചെർക്കി 60-ാം മിനിറ്റിൽ ആശ്വാസ ഗോൾ നേടി. കളിയിലേക്കുള്ള തിരിച്ചുവരവിനായി കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരുന്ന സിറ്റിക്ക് റോഡ്രിക്ക് ലഭിച്ച റെഡ് കാർഡ് തിരിച്ചടിയായി.

Content highlights: City refund fans' tickets after 3-1 defeat to Bodo/Glimt

To advertise here,contact us