

മുൻ ഇന്ത്യൻ താരം ഇല്യാസ് പാഷ അന്തരിച്ചു. രാജ്യം കണ്ട മികച്ച പ്രതിരോധ താരങ്ങളിലൊരാളും ഈസ്റ്റ് ബംഗാളിന്റെ ഫുട്ബാൾ ഇതിഹാസവുമാണ്. 61 വയസ്സായിരുന്നു. അർബുദ ബാധിതനായി ഏറെക്കാലം വടക്കൻ ബെംഗളൂരുവിൽ വയലിക്കാവലിലെ വീട്ടിലായിരുന്നു പാഷ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് (എഐഎഫ്എഫ്) അദ്ദേഹത്തിന്റെ വിയോഗം പുറത്തുവിട്ടത്.
വിനായക ഫുട്ബോൾ ക്ലബിലൂടെയാണ് അദ്ദേഹം കരിയർ തുടങ്ങുന്നത്. റൈറ്റ് വിങ് ബാക്കായി കളിച്ചിരുന്ന ഇല്യാസ് പാഷ 1987ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്. ബൾഗേറിയക്കെതിരായ പോരാട്ടത്തിലാണ് ആദ്യമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. നെഹ്റു കപ്പിൽ കോഴിക്കോട് നടന്ന പോരാട്ടത്തിലാണ് അരങ്ങേറ്റം.
1991ലെ നെഹ്റു കപ്പ്, സാഫ് കപ്പ്, 1992 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ പാഷ ഇന്ത്യൻ ജഴ്സിയണിഞ്ഞു. 1989ൽ കൊൽക്കത്ത മുഹമ്മദൻസിലും തുടർന്ന് ഈസ്റ്റ് ബംഗാളിലുമെത്തി. തുടർന്ന് അഞ്ച് വീതം കൽക്കട്ട ഫുട്ബോൾ ലീഗ്, ഐ.എഫ്.എ ഷീൽഡ്, നാല് ഡ്യൂറൻഡ് കപ്പ്, രണ്ട് റോവേഴ്സ് കപ്പ്, ഒരു ഫെഡറേഷൻ കപ്പ് തുടങ്ങി 30ഓളം കിരീടനേട്ടങ്ങളിൽ പങ്കുവഹിച്ചു. അന്താരാഷ്ട്ര ടൂർണമെന്റായ വായ് വായ് കപ്പ് കിരീടത്തിലേക്ക് ഈസ്റ്റ് ബംഗാളിനെ നയിച്ചു. സന്തോഷ് ട്രോഫിയിൽ കർണാടകയെയും ബംഗാളിനെയും പ്രതിനിധാനം ചെയ്തു. ബംഗാളിന് വേണ്ടി രണ്ട് കിരീടങ്ങളും സ്വന്തമാക്കി.
Content Highlights: Former India and East Bengal defender Ilyas Pasha died on Thursday after a prolonged illness