ഐ.എസ്.എൽ തുടങ്ങാനിരിക്കെ കളിക്കളമില്ലാതെ ചെന്നൈയിൻ എഫ്.സി

പന്ത്രണ്ടാം സീസൺ തുടങ്ങാനിരിക്കെ പ്രതിസന്ധിയുടെ മുൾമുനയിൽ മറീന മച്ചാൻസ്

2014 ൽ ഐ.എസ്.എൽ ആരംഭിച്ചത് മുതൽ ചെന്നൈയിൻ എഫ്.സി യുടെ ഹോം ഗ്രൗണ്ടായിരുന്നു ചെന്നൈ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം അഥവാ മറീന അറീന. എന്നാൽ, പന്ത്രണ്ടാം സീസൺ തുടങ്ങാനിരിക്കെ പ്രതിസന്ധിയുടെ മുൾമുനയിലാണ് മറീന മച്ചാൻസ്.

ലീഗ് തുടങ്ങാൻ 25 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഉദ്ഘടന ദിവസമായ ഫെബ്രുവരി 14 ന് തന്നെ മറീന അറീനയിൽ എ.ആർ റഹ്മാന്റെ കോൺസെർട്ടിന് വേദിയാകുന്നതാണ് ഇപ്പോൾ ക്ലബ്ബിനെ വെട്ടിലാക്കിയിരിക്കുന്നത്. കൂടാതെ, ജനുവരി 26ന് നടക്കാനിരിക്കുന്ന കാർ കമ്പനിയുടെ ലോഞ്ചിങ് പരിപാടിക്കായുള്ള ഒരുക്കങ്ങളും സ്റ്റേഡിയത്തിൽ ഇപ്പോൾ നടന്നുവരുന്നു.

മൈതാനം മോശമാകാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുന്നുണ്ടെങ്കിലും ടർഫിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. അതുകൊണ്ടുതന്നെ ക്ലബ് മറ്റേതെങ്കിലും കളിക്കളം തിരഞ്ഞെടുക്കുമോയെന്നും, മുന്നോട്ടുള്ള നീക്കങ്ങൾ ഏതൊക്കെയെന്നും കാത്തിരുന്നു കാണണം. 2015 ലും, 2017 - 18 സീസണിലും ചെന്നൈയിൻ എഫ്.സി ഐ.എസ്.എൽ ചാമ്പ്യൻ പട്ടം ചൂടിയിട്ടുണ്ട്. 2019 - 20 സീസണിൽ എ.ടി.കെ യ്ക്ക് എതിരായ കലാശപ്പോരാട്ടത്തിൽ റണ്ണറപ്പാവുകയും ചെയ്തു.

2026 ഫെബ്രുവരി 14 നാണ് ഐ.എസ്.എൽ പന്ത്രണ്ടാം സീസണിന്റെ കിക്കോഫ്. ലീഗ് തുടങ്ങുന്നതിനായുള്ള അനിശ്ചതത്വങ്ങൾ കാരണം താൽക്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്ന തീരുമാനത്തിലേക്ക് ക്ലബ് നീങ്ങിയിരുന്നു. വലിയ ആവേശഭരിതമായ സന്നാഹങ്ങളില്ലാതെ, എന്നാൽ മുൻ സീസണുകളിൽ നിന്ന് വ്യത്യസ്തമായാണ് പുതിയ സീസൺ പിന്നണിയിൽ ഒരുങ്ങുന്നത്. മത്സര ക്രമങ്ങളുടെയും മറ്റും പൂർണ രൂപം ഇനിയും പുറത്തുവരേണ്ടതുണ്ട്. ലീഗ് പൂർണ്ണമായും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ നേതൃത്വത്തിലാവും നടക്കുക. ലീഗിന്റെ പൂർണ്ണ ചുമതല എഐഎഫ്എഫിന് തന്നെയാണ്.

പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം 25 കോടിയാണ് ടൂർണമെന്റ്റിന്റെ ചിലവ്. ഇത് വഹിക്കുക ഫുട്ബോൾ ഫെഡറേഷനും കൊമേഷ്യൽ പാർട്ട്ണറും ചേർന്ന്. എന്നാൽ പുതിയൊരു കരാറുകാരെ കണ്ടെത്താനാവാത്തതിനാൽ ചെലവുകളുടെ കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്. പുതിയൊരു കരാറുകാരെ കണ്ടെത്തുന്നത് വരെ ഫെഡറേഷൻ ഇന്ത്യയിലെ ടോപ് ഡിവിഷൻ ലീഗുകാരായ ഐഎസ്എല്ലിന് 14 കോടിയും, ഐ ലീഗിന് 3.2 കോടിയുമാണ് മാറ്റിവയ്ക്കുന്നത്. ചെന്നൈയിന് പുറമെ ലീഗിന്റെ അനിശ്ചിതത്വങ്ങൾ കാരണത്തെ ശമ്പളം വെട്ടിക്കുറക്കുന്ന തീരുമാനത്തിലേക്കും, പ്രവർത്തങ്ങൾ നിർത്തിവയ്ക്കുന്നതിലേക്കും മറ്റ് ക്ലബുകളും നീങ്ങിയിരുന്നു.

Content Highlights: Chennaiyin FC stadium in crisis

To advertise here,contact us