ആഫ്രിക്കൻ നേഷൻസ് കപ്പ് സ്വന്തമാക്കി സെനഗൽ. എതിരില്ലാതെ ഒരു ഗോളിന് മൊറോക്കയെ പരാജയപ്പെടുത്തിയാണ് സെനഗലിന്റെ വിജയം. എക്സ്ട്രാ ടൈം വരെ നീണ്ടുനിന്ന മത്സരത്തിലെ 94ാം മിനിറ്റിലാണ് സെനഗൽ വിജയഗോൾ നേടിയത്. പാപെ ഗ്വയെയാണ് സെനഗലിനായി വല കുലുക്കിയത്.
റാബത്തിൽ നടന്ന മത്സരത്തിൽ ആഫ്രിക്കയിലെ കരുത്തരായ സെനഗലും മൊറോക്കോയും തമ്മിലുള്ള പോരാട്ടം ഗോൾരഹിത സമനിലയിൽ അവസാനിച്ചതിനെത്തുടർന്ന് കളി അധിക സമയത്തേക്ക് നീണ്ടത്. അധിക സമയത്തിന്റെ നാലാം മിനിറ്റിലായിരുന്നു സെനഗലിന്റെ വിന്നിങ് ഗോൾ.സെനഗൽ ഫുട്ബോൾ ചരിത്രത്തിലെ രണ്ടാം നേഷൻസ് കപ്പ് കിരീടമാണിത്. നേരത്തെ 2021ലാണ് അവർ ആദ്യമായി കിരീടം സ്വന്തമാക്കിയത്.
മത്സരത്തിലുടനീളം മികച്ച പോരാട്ടം നടത്തിയ ഇരു ടീമുകൾക്കും ഗോൾ അടിക്കുവാൻ സാധിച്ചില്ല.
മത്സരം ഇഞ്ച്വറി സമയത്തേക്ക് കടന്നപ്പോൾ വിവാദങ്ങൾ ഉടലെടുത്തിരുന്നു. മൊറോക്കോ താരവും റയൽ മാഡ്രിഡ് മുന്നേറ്റക്കാരനുമായ ബ്രഹിം ഡിയാസിനെ മൊറോക്കോ താരം എൽഹാജി ദിയോഫ് ബോക്സിൽ ഫൗൾ ചെയ്തതിനു റഫറി പെനാൽറ്റി വിധിക്കുന്നു. വാർ പരിശോധയിൽ ഈ പെനാൽറ്റി അനുവദിക്കപ്പെടുകയും ചെയ്തു.
നേരത്തെ നിശ്ചിത സമയത്ത് മത്സരം പുരോഗമിക്കുന്നതിനിടെ സെനഗലിനു റഫറി പെനാൽറ്റി നിഷേധിച്ചിരുന്നു. സെനഗൽ പരിശീലകൻ പാപ് തയേവ് പരസ്യമായി ഇതിൽ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ ഇഞ്ച്വറി സമയത്ത് മൊറോക്കോയ്ക്ക് പെനാൽറ്റി അനുവദിച്ചതോടെ അദ്ദേഹം പ്രകോപിതനായി. ഇതോടെ കോച്ച് സെനഗൽ ടീമിനോട് കളി മതിയാക്കി തിരികെ കയറാൻ ആവശ്യപ്പെട്ടു. ഇതോടെ കളി നിർത്തിവെക്കേണ്ടി വന്നു.
എന്നാൽ മുൻ ലിവർപൂൾ താരവും സെനഗലിന്റെ സൂപ്പർ വിങറുമായ സാദിയോ മാനേ മൈതാനത്തു തന്നെ തുടർന്നു. സഹ താരങ്ങളോടു കളി തുടരാനും ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ഒടുവിൽ 17 മിനിറ്റുകൾക്കു ശേഷം മത്സരം പുനരാരംഭിച്ചു. മൊറോക്കോയ്ക്കായി കിക്കെടുത്തത് റയൽ മാഡ്രിഡ് ഫോർവേഡും ഈ ടൂർണമെന്റിലെ ടോപ് സ്കോററുമായ ഡിയാസ് തന്നെ. എന്നാൽ താരം എടുത്ത പനേങ്ക കിക്ക് സെനഗൽ ഗോൾ കീപ്പർ എഡ്വേഡ് മെൻഡി തടുത്തിട്ടത് നിർണായകമായി. തൊട്ടുപിന്നാലെ റഫറി ലോങ് വിസിൽ മുഴക്കിയതോടെ നിശ്ചിത സമയം അവസാനിച്ചു. പിന്നീട് എക്സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടപ്പോഴാണ് സെനഗൽ നിർണായക ഗോൾ നേടി കിരീടം പിടിച്ചെടുത്തത്.
ഫൈനലിൽ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയ ഡിയാസ് ഈ ടൂർണമെന്റിൽ 5 ഗോളുകളുമായി മൊറോക്കോയെ ഫൈനലിലെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച താരമാണ്.
Content Highlights: Senegal Won African Nations cup beating Morocco