

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റര് സിറ്റിയെ തകര്ത്തെറിഞ്ഞ് മാഞ്ചസ്റ്റര് യുണൈറ്റഡ്. പ്രീമിയർ ലീഗിൽ പുതുവർഷത്തിൽ നടന്ന ആദ്യ മാഞ്ചസ്റ്റർ ഡെർബിയിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് യുണൈറ്റഡിന്റെ വിജയം. ഓള്ഡ് ട്രഫോര്ഡില് നടന്ന ആവേശപ്പോരാട്ടത്തിൽ ബ്രയാൻ എംബുമോ, പാട്രിക് ഡോർഗു എന്നിവരാണ് സിറ്റിയുടെ വലകുലുക്കിയത്.
പുതിയ പരിശീലകനായ മൈക്കൽ കാരിക്കിന് കീഴിലെ യുണൈറ്റഡിന്റെ ആദ്യ മത്സരമായിരുന്നു സിറ്റിക്കെതിരെ നടന്നത്. മുൻ പരിശീലകൻ റൂബന് അമോറിമിനെ പുറത്താക്കിയതിന് പിന്നാലെ താത്കാലിക പരിശീലകനായി എത്തിയ മൈക്കല് കാരിക്കിന് ആദ്യവിജയം ഇരട്ടിമധുരമായി. ജയത്തോടെ യുണൈറ്റഡ് നാലാം സ്ഥാനത്തേക്ക് കയറി.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 65-ാം മിനിറ്റിൽ ബ്രയാൻ എംബ്യൂമോയും 76-ാം മിനിറ്റിൽ പാട്രിക് ഡോർഗുവും യുണൈറ്റഡിനായി ഗോൾ കണ്ടെത്തി. ഓഫ്സൈഡും മികച്ച അവസരങ്ങൾ യുണൈറ്റഡിന് ഗോളാക്കി മാറ്റാൻ കഴിയാത്തതും സിറ്റിക്ക് ആശ്വാസമായി.
Content Highlights: Premier League: Carrick’s Manchester United Beat Manchester City In Manchester Derby