

ലാ ലിഗയില് തകര്പ്പന് വിജയത്തോടെ വിജയവഴിയില് തിരിച്ചെത്തി റയല് മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ലെവാന്തെയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെയും കോപ്പ ഡെൽ റേയിലെയും നിരാശയിൽ നിന്നുള്ള ആശ്വാസമാണ് ഈ ജയം.
റയലിന് വേണ്ടി കിലിയൻ എംബാപ്പെയും റൗൾ അസെൻസിയോയും വലകുലുക്കി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 58-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച കിലിയൻ എംബാപ്പെയാണ് റയലിന് ആദ്യ ലീഡ് സമ്മാനിച്ചത്.
ഏഴ് മിനിറ്റുകൾക്ക് ശേഷം അസെൻസിയോയിലൂടെ രണ്ടാം ഗോളും പിറന്നു. യുവതാരം അർദ ഗുളറുടെ കൃത്യതയാർന്ന പാസിൽ നിന്ന് പ്രതിരോധ താരം റൗൾ അസെൻസിയോ ടീമിന്റെ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു.
മുൻ പരിശീലകൻ സാബി അലോൺസോയ്ക്ക് പകരമെത്തിയ കോച്ച് അൽവാരോ അർബലോവയുടെ കീഴിൽ റയലിന്റെ ആദ്യമത്സരമായിരുന്നു ഇത്. ഈ ജയത്തോടെ റയൽ മാഡ്രിഡ് 48 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയൽ. ഒരു മത്സരം കുറവ് കളിച്ച ബാഴ്സലോണ 49 പോയിന്റുമായി ഒന്നാമത് തുടരുന്നു.
Content Highlights: La Liga: Mbappe and Asencio strike as Real Madrid beat Levante