റയൽ മാഡ്രിഡിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്നും സാബി അലോൺസോ പടിയിറങ്ങിയിരുന്നു. സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണയോടേറ്റ തോൽവിക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം. ഇപ്പോഴിതാ താരത്തിന് വേണ്ടി കുറിപ്പ് എഴുതുകയാണ് ടീമിലെ പ്രധാന താരമായ കിലിയൻ എംബാപ്പ.
തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കിലിയൻ എംബാപ്പെ സാബിക്ക് ഫെയർവെൽ പറയുന്നത്. 'ചുരുക്ക കാലം ആണെങ്കിലും താങ്കളുടെ കീഴിൽ കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ആദ്യ ദിനം മുതൽ കോൺഫിഡൻസ് നൽകിയതിന് നന്ദി. വ്യക്തമായ ധാരാണയുള്ള ഫുട്ബോളിനെ കുറിച്ച് ഒരുപാട് അറിയാവുന്ന ഒരു മാനേജറാണ് താങ്കളെന്ന് ഞാൻ ഓർക്കും. അടുത്ത അധ്യായത്തിന് എല്ലാവിധ ആശംസകളും നേരുന്നു,' എംബാപ്പെ കുറിച്ചു.
ഏഴ് മാസങ്ങൾക്ക് മുമ്പാണ് റയലിന്റെ പരിശീലകനായി സാബി എത്തുന്നത്. 2028 ജൂൺ 30 വരെ മൂന്നുവർഷത്തെ കരാറായിരുന്നു അലോൺസോയ്ക്ക് റയലുമായുണ്ടായിരുന്നത്. ബയേർ ലെവർകുസനിനൊപ്പമുള്ള മികച്ച പ്രകടനമാണ് മുൻ റയൽ താരത്തെ ബെർണബ്യുവിലെത്തിക്കുന്നത്.
ക്ലബ് വേൾഡ് കപ്പ് സെമിഫൈനലിലേക്ക് ടീമിനെ നയിച്ച് തുടങ്ങിയ അദ്ദേഹം വലിയ പ്രതീക്ഷകളാണ് ക്ലബിന് നൽകിയത്. അദ്ദേഹത്തിന് കീഴിൽ ആദ്യ 14 മത്സരങ്ങളിൽ 13 മത്സരവും ജയിച്ചു. എന്നാൽ താരങ്ങളുടെ ഫോമും പരിക്കും വെല്ലുവിളിയായി. വിനീഷ്യസ് ജൂനിയർ അടക്കമുള്ള താരങ്ങളുമായുള്ള ബന്ധം വഷളായതും വിനയായി.
തുടർച്ചയായി മത്സരങ്ങൾ തോറ്റു. സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ചിരവൈരികളായ ബാഴ്സലോണയെ തോൽപ്പിക്കാനായെങ്കിലും ലാലിഗ പോയിന്റ് ടേബിളിൽ ബാഴ്സയോട് നാല് പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാമതായി. ഏറ്റവുമൊടുവിൽ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ തോൽക്കുകയും ചെയ്തു.
അതേ സമയം ക്ലബിന്റെ പുതിയ പരിശീലകനായി അൽവാരോ അർബേലോവയെ റയൽ നിയമിച്ചു. 2025 മുതൽ റയലിന്റെ ബി ടീമിന്റെ പരിശീലകനാണ് അർബേലോവ.
Content Highlights- Kylian Mbappe penned fairwell to Xabi Alonso