

പോർച്ചുഗീസ് മുന്നേറ്റനിര താരം തിയാഗോ ആൽവേസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. തിയാഗോയുമായുള്ള കരാർ അവസാനിപ്പിച്ചതായി ക്ലബ്ബ് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ ഫുട്ബോളിലെ അനിശ്ചിതാവസ്ഥയാണ് താരം ക്ലബ്ബ് വിടാനുള്ള കാരണം.
പോർച്ചുഗീസ് താരമായ തിയാഗോ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് മത്സരങ്ങളിൽ താരം പന്തുതട്ടിയിരുന്നു. എന്നിരുന്നാലും, താരം വളരെ പെട്ടെന്ന് തന്നെ ക്ലബ്ബ് വിടുന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആകെ 68 മിനിറ്റ് മാത്രമാണ് താരത്തിന് പന്തുതട്ടാന് സാധിച്ചത്. ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകിയ താരമായിരുന്നു തിയാഗോ. വരും ദിവസങ്ങളിൽ താരം ഏത് ക്ലബ്ബിലേക്ക് പോകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ1 ലീഗിൽ നിന്നാണ് 29കാരനായ താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്. പോർച്ചുഗലിലെ കൊയിമ്പ്രയിൽ ജനിച്ച ടിയാഗോയെ വ്യത്യസ്തനാക്കുന്നത് മുന്നേറ്റനിരയിലെ ഏത് പൊസിഷനിലും ഒരുപോലെ കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. പ്രധാനമായും ഇടതു വിങ്ങിൽ അതിവേഗത്തിൽ പന്തുമായി പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറാൻ കഴിവുള്ള ടിയാഗോ ആൽവെസ്, ഒരു സെന്റർ ഫോർവേഡായും അറ്റാക്കിംഗ് മിഡ്ഫീൽഡറായും തന്റെ മികവ് കളത്തിൽ തെളിയിച്ചിട്ടുണ്ട്.
Content Highlights: Portuguese forward Tiago Alves leaves Kerala Blasters FC