മുൻ കേരള ഫുട്ബോൾ താരം പി പൗലോസ് അന്തരിച്ചു. 76 വയസ്സായിരുന്നു. 1973 ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമാണ്. നിലവിൽ കേരള ഫുട്ബോൾ അസ്സോസിയേഷൻ്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കേരള ഫുട്ബോളിന് ഒരുപിടി മികച്ച സംഭാവനകൾ നൽകിയ താരമാണ് ഓർമയായത്. 1973ൽ എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് കേരളം ചരിത്രം കുറിക്കുമ്പോൾ പ്രതിരോധനിരയിലെ വിശ്വസ്തനായിരുന്നു പൗലോസ്. സ്വന്തം കാണികൾക്ക് മുന്നിൽ ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടുന്ന ടീമിന്റെ ഭാഗമാകാൻ അദ്ദേഹത്തിനായി.
പ്രതിരോധ നിര താരമായ പൗലോസ് എട്ടുവർഷത്തോളം കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടി. 1979ൽ ടീമിൻ്റെ ക്യാപ്റ്റനുമായിരുന്നു. 1993 ൽ പി പൗലോസ് സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ടീമിൻ്റെ അസിസ്റ്റൻ്റ് മാനേജരായിരുന്നു. 12 വർഷം എറണാകുളം ജില്ല ഫുട്ബോൾ അസ്സോസിയേഷൻ്റെ സെക്രട്ടറിയായിരുന്ന പൗലോസ്, 38 വർഷക്കാലം അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.
Content Highlights: Kerala Football Former Captain P Paulose passes away