

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്- ബോൺമൗത്ത് മത്സരം സമനിലയിൽ കലാശിച്ചു. ഓൾഡ് ട്രാഫോർഡിൽ നടന്ന ത്രില്ലർ പോരാട്ടത്തിനൊടുവിൽ ഇരുടീമുകളും നാല് വീതം ഗോളുകളടിച്ചുപിരിഞ്ഞു.
ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ആദ്യം മുന്നിലെത്തിയത്. 13-ാം മിനിറ്റിൽ ഡാലോട്ടിന്റെ ക്രോസിൽ നിന്ന് അമദ് ദിയാലോ ആണ് യുണൈറ്റഡിന്റെ ആദ്യഗോൾ നേടിയത്. 40-ാം മിനിറ്റിൽ സെമന്യോയിലൂടെ ബോൺമൗത്ത് തിരിച്ചടിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ലീഡ് തിരിച്ചുപിടിച്ചു. ബ്രൂണോയുടെ കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ കാസമിറോ ആണ് യുണൈറ്റഡിന്റെ വീണ്ടും മുന്നിലെത്തിച്ചത്.
രണ്ടാം പകുതി പുനഃരാരംഭിച്ചതിന് തൊട്ടുപിന്നാലെ ബോൺമൗത്ത് വീണ്ടും ഒപ്പമെത്തി. എവാനിൽസണിലൂടെ സമനില നേടിയ ബോൺമൗത്ത് 52-ാം മിനിറ്റിൽ മുന്നിലെത്തുകയും ചെയ്തു. ഒരു ഫ്രീകിക്കിലൂടെ ടവേർനിയറാണ് ബോൺമൗത്തിന്റെ മൂന്നാം ഗോൾ നേടിയത്. 77-ാം മിനിറ്റിൽ യുണൈറ്റഡിന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി വലയിൽ എത്തിച്ച് ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് സമനില നൽകി.
തൊട്ടടുത്ത നിമിഷം കുഞ്ഞ്യയുടെ ഗോളിൽ യുണൈറ്റഡ് വീണ്ടും ലീഡെടുത്തു. 85-ാം മിനിറ്റിൽ ബോൺമൗത്ത് വീണ്ടും തിരിച്ചടിച്ചു. ക്രൗപിയിലൂടെ ആണ് ബോൺമൗത്ത് സമനില ഗോൾ കണ്ടെത്തിയത്.
Content Highlights: Manchester United And Bournemouth Draw 4-4 In Premier League Thriller