ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍; ലിവര്‍പൂളിനെ പൂട്ടി ലീഡ്‌സ്

രണ്ട് ഗോളുകള്‍ക്ക് ലീഡുണ്ടായിരുന്ന ലിവര്‍പൂള്‍ ഇഞ്ചുറി ടൈമിലാണ് വിജയം കൈവിട്ടത്

പ്രീമിയര്‍ ലീഗില്‍ ലീഡ്‌സിനോട് സമനില വഴങ്ങി ലിവര്‍പൂള്‍. ആവേശപ്പോരാട്ടത്തിനൊടുവില്‍ ഇരുടീമുകളും മൂന്ന് വീതം ഗോളുകളടിച്ച് പിരിഞ്ഞു. രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ലിവര്‍പൂള്‍ ഇഞ്ചുറി ടൈമിലാണ് വിജയം കൈവിട്ടത്. ലിവര്‍പൂളിന് വേണ്ടി ഹ്യൂഗോ എക്കിറ്റികെ ഇരട്ടഗോളുകള്‍ നേടി തിളങ്ങി.

എല്ലന്‍ഡ് റോഡില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. 48, 50 മിനിറ്റുകളില്‍ ഇരട്ടഗോളടിച്ച് എകിറ്റികെ ലിവര്‍പൂളിന് ലീഡ് സമ്മാനിച്ചു. 73-ാം മിനിറ്റില്‍ ലീഡ്‌സിന്റെ മറുപടിയെത്തി. ആതിഥേയര്‍ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഡൊമിനിക് കാല്‍വെര്‍ട്ട് ലെവിനാണ് ലീഡ്‌സിന്റെ ആദ്യഗോള്‍ നേടിയത്. രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ലീഡ്‌സ് സമനിലയും കണ്ടെത്തി. ആന്റണ്‍ സ്റ്റാച്ചാണ് ലീഡ്‌സിന്റെ രണ്ടാം ഗോള്‍ നേടിയത്.

80-ാം മിനിറ്റില്‍ ഡൊമിനിക് സൊബോസ്ലായ് വലകുലുക്കിയതോടെ ലിവര്‍പൂള്‍ വീണ്ടും മുന്നിലെത്തി. വിജയം ഉറപ്പിച്ചുനില്‍ക്കുന്ന സമയത്ത് ലിവര്‍പൂളിനെ ഞെട്ടിച്ച് ലീഡ്‌സ് വീണ്ടും ഗോളടിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളില്‍ തനാക നേടിയ ഗോളിലാണ് ലിവര്‍പൂള്‍ വിജയം കൈവിട്ടത്.

Content highlights:‌ premier league: Liverpool held to a thrilling draw by Leeds

To advertise here,contact us