സൂപ്പര്‍ ടോറസ്! സൂപ്പര്‍ ഹാട്രിക്; റയല്‍ ബെറ്റിസിനെതിരെ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ വിജയം

ബാഴ്‌സയ്ക്ക് വേണ്ടി ഫെറാന്‍ ടോറസ് ഹാട്രിക് നേടി തിളങ്ങി

ലാ ലിഗയില്‍ ആവേശവിജയവുമായി ബാഴ്‌സലോണ. റയല്‍ ബെറ്റിസിനെതിരെ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകളുടെ വിജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. ബാഴ്‌സയ്ക്ക് വേണ്ടി ഫെറാന്‍ ടോറസ് ഹാട്രിക് നേടി തിളങ്ങിയപ്പോള്‍ റൂഡി ബാര്‍ഡ്ജിയും ലാമിന്‍ യമാലും വലകുലുക്കി.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റയല്‍ ബെറ്റിസാണ് ആദ്യം ലീഡെടുത്തത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ ആന്റണിയാണ് ബാഴ്‌സയുടെ വലകുലുക്കിയത്. ലീഡ് വഴങ്ങിയതിന് അഞ്ച് മിനിറ്റിനുള്ളില്‍ ബാഴ്‌സ തിരിച്ചടിച്ചു. 11-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെയാണ് ബാഴ്‌സ ഒപ്പമെത്തിയത്. രണ്ട് മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും നേടിയ ടോറസ് 40-ാം മിനിറ്റില്‍ ഹാട്രിക് തികച്ചു. ഇതിനിടയില്‍ റൂഡി ബാര്‍ഡ്ജിയും അക്കൗണ്ട് തുറന്നു.

59-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലാമിന്‍ യമാല്‍ ഗോളാക്കി മാറ്റിയതോടെ ബാഴ്‌സ നാല് ഗോളുകളുടെ ലീഡ് സ്വന്തമാക്കി. 85-ാം മിനിറ്റില്‍ ഡിയഗോ ലോറന്റെയും 90-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കുച്ചോ ഹെര്‍ണാണ്ടസും ഗോളുകള്‍ കണ്ടെത്തിയെങ്കിലും ബെറ്റിസിനെ വിജയത്തിലെത്തിക്കാനായില്ല.

Content highlights:‌  Ferran Torres scores hat-trick as Barcelona beats Real Betis in La Liga

To advertise here,contact us