ഇജ്ജാതി കംബാക്ക്! കൊച്ചിയെ വീഴ്ത്തി മലപ്പുറം സെമിയില്‍, ഹാട്രിക്കടിച്ച് ജോണ്‍ കെന്നഡി

സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിന് യോഗ്യത നേടുന്ന നാലാമത്തെ ടീമായി മലപ്പുറം എഫ്സി മാറി

ഇജ്ജാതി കംബാക്ക്! കൊച്ചിയെ വീഴ്ത്തി മലപ്പുറം സെമിയില്‍, ഹാട്രിക്കടിച്ച് ജോണ്‍ കെന്നഡി
dot image

സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സി സെമിഫൈനലിൽ. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്‌സ കൊച്ചി എഫ്സിയെ തകർത്താണ് മലപ്പുറം രാജകീയമായി സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഫോഴ്‌സ കൊച്ചിക്കെതിരെ രണ്ട് ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിച്ചാണ് മലപ്പുറം വിജയവും സെമി ബെർത്തും സ്വന്തമാക്കിയത്. ഇതോടെ സൂപ്പർ ലീഗ് കേരളയുടെ സെമി ഫൈനലിന് യോഗ്യത നേടുന്ന നാലാമത്തെ ടീമായി മലപ്പുറം എഫ്സി മാറി.

ഹാട്രിക് നേടിയ ബ്രസീൽ താരം ജോൺ കെന്നഡിയാണ് മലപ്പുറത്തെ ആദ്യമായി സെമിയിലേക്ക് നയിച്ചത്. മലപ്പുറത്തിന് വേണ്ടി ഇഷാൻ പണ്ഡിതയും സ്കോർ ചെയ്തു. അഭിത്ത്, റൊമാരിയോ ജെസുരാജ് എന്നിവരാണ് കൊച്ചിക്ക് വേണ്ടി ഗോൾ നേടിയത്.

ലീഗ് റൗണ്ട് പൂർത്തിയാവുമ്പോൾ കാലിക്കറ്റ്‌ എഫ്സി (23 പോയന്റ്), തൃശൂർ മാജിക് എഫ്സി (17), മലപ്പുറം എഫ്സി (14), കണ്ണൂർ വാരിയേഴ്‌സ് എഫ്സി (13) എന്നിവരാണ് സെമിയിൽ ഇടം നേടിയത്. തിരുവനന്തപുരം കൊമ്പൻസ് എഫ്സി (12), ഫോഴ്‌സ കൊച്ചി എഫ്സി (3) ടീമുകൾ പുറത്തായി.

മലപ്പുറത്തിനെതിരെ കളിയുടെ ഒൻപതാം മിനിറ്റിൽ തന്നെ കൊച്ചി ഗോൾ നേടി. ഇടതു വിങിലൂടെ മുന്നേറി അണ്ടർ 23 താരം അഭിത്ത് എടുത്ത ഷോട്ട് മലപ്പുറം താരം ഇർഷാദിന്റെ മേലിൽ തട്ടി പോസ്റ്റിൽ കയറുകയായിരന്നു (1-0). പത്തൊൻപതാം മിനിറ്റിൽ സജീഷിനെ ഫൗൾ ചെയ്ത മലപ്പുറത്തിന്റെ സ്റ്റോപ്പർ സഞ്ജു മഞ്ഞക്കാർഡ് കണ്ടു. പിന്നാലെ ഇർഷാദിന്റെ ക്രോസ്സിൽ ജോൺ കെന്നഡിയുടെ ഹെഡ്ഡർ കൊച്ചിയുടെ പോസ്റ്റിൽ തട്ടി മടങ്ങി.

ഇരുപത്തിയാറാം മിനിറ്റിൽ കൊച്ചി ലീഡ് രണ്ടാക്കി. അമോസ് ഒത്താശ ചെയ്ത പന്തിൽ റൊമാരിയോ ജെസുരാജിന്റെ ഫിനിഷ് (2-0). ഏഴ് മിനിറ്റിനകം മലപ്പുറം ഒരു ഗോൾ തിരിച്ചടിച്ചു. ക്യാപ്റ്റൻ ഫസലുവിന്റെ പാസ് ഇടങ്കാൽ ഷോട്ടിലൂടെ ഗോളാക്കി മാറ്റിയത് ജോൺ കെന്നഡി (2-1). പിന്നാലെ നിധിൻ, അഭിജിത് എന്നിവരെ മലപ്പുറം പകരക്കാരായി കൊണ്ടുവന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് കൊച്ചി ഡിഫണ്ടർ റിജോണിന്റെ പിഴവ് മുതലെടുത്ത ജോൺ കെന്നഡി സ്കോർ സമനിലയിലാക്കി (2-2).

രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനകം മലപ്പുറം വീണ്ടും സ്കോർ ചെയ്തു. ഇടതു വിങിൽ നിന്നുള്ള ടോണിയുടെ ക്രോസിലേക്ക് ചാടിവീണ ജോൺ കെന്നഡി ഹാട്രിക്ക്‌ ഗോളിലൂടെ ടീമിന് ലീഡ് നൽകി (3-2). ലീഗിൽ എട്ടു ഗോളുമായി ബ്രസീലുകാരൻ ടോപ് സ്കോറർ സ്ഥാനത്തേക്ക് ഉയർന്നു. ഹാട്രിക്ക് പൂർത്തിയാക്കിയ ഉടനെ ജോൺ കെന്നഡി പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് റോയ് കൃഷ്ണ. എൺപത്തിയെട്ടാം മിനിറ്റിൽ ഇഷാൻ പണ്ഡിത മലപ്പുറത്തിന്റെ പട്ടിക പൂർത്തിയാക്കി (4-2).

എറണാകുളത്ത് നടന്ന ആദ്യപാദത്തിൽ മലപ്പുറം ഒന്നിനെതിരെ നാല് ഗോളുകൾക്ക് കൊച്ചിയെ തോൽപ്പിച്ചിരുന്നു. 6637 കാണികൾ മത്സരം കാണാൻ പയ്യനാട്ടെ ഗ്യാലറിയിലെത്തി.

ഞായറാഴ്ച (ഡിസംബർ 7) ഒന്നാം സെമിയിൽ തൃശൂർ മാജിക് എഫ്സി, മലപ്പുറം എഫ്സിയെയും ബുധനാഴ്ച്ച (ഡിസംബർ 10) രണ്ടാം സെമിയിൽ കാലിക്കറ്റ്‌ എഫ്സി കണ്ണൂർ വാരിയേഴ്സിനെയും നേരിടും. ഒന്നാം സെമിക്ക് തൃശൂരും രണ്ടാം സെമിക്ക് കോഴിക്കോടുമാണ് വേദിയാവുക. ഗ്രാൻഡ് ഫൈനൽ ഡിസംബർ 14 ന് കോഴിക്കോട്ട് നടക്കും.

Content Highlights: Super League Kerala 2025: Malappuram FC beats Forca Kochi FC to enter Semi Final

dot image
To advertise here,contact us
dot image