പ്രീമിയർ ലീഗില് ഫുൾഹാമിനെതിരായ ത്രില്ലർ പോരാട്ടത്തിനൊടുവിൽ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഒൻപത് ഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിൽ സിറ്റിയെ വിറപ്പിച്ച് ഫുൾഹാം കീഴടങ്ങുകയാണ് ചെയ്തത്. നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയം പിടിച്ചെടുത്തത്. ക്രാവന് കോട്ടേജില് നടന്ന മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 5-1ന് മുന്നിട്ട് നിന്ന സിറ്റി ഫുൾഹാമിന്റെ കരുത്തുറ്റ തിരിച്ചുവരവിനെ അതിജീവിച്ച് വിജയം സ്വന്തമാക്കി.
സിറ്റിക്ക് വേണ്ടി എര്ലിങ് ഹാലണ്ട് ഗോളടി തുടര്ന്നപ്പോള് ഫില് ഫോഡന് ഇരട്ടഗോള് നേടി തിളങ്ങി. ഫുൾഹാമിന്റെ തട്ടകത്തിൽ സിറ്റിയാണ് ഗോളടിക്ക് തുടക്കമിട്ടത്. മത്സരത്തിന്റെ 17-ാം മിനിറ്റിൽ ഹാലണ്ടാണ് സിറ്റിക്ക് ലീഡ് സമ്മാനിച്ചത്. 37-ാം മിനിറ്റിൽ ടിജ്ജാനി റെയിൻഡേഴ്സ് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. 44, 48 മിനിറ്റുകളിൽ ഫോഡൻ രണ്ട് തവണ വലകുലുക്കി. ഇതിനിടെ ആദ്യപകുതിയുടെ ആഡ്ഓൺ ടൈമിൽ ഫുൾഹാം തിരിച്ചടിച്ചെങ്കിലും സാണ്ടർ ബെർഗിന്റെ സെൽഫ് ഗോൾ സിറ്റിയുടെ ലീഡ് പഴയപടിയാക്കി.
രണ്ടാം പകുതിയിൽ ഫുൾഹാം മൂന്ന് ഗോളുകൾ തിരിച്ചടിച്ചെങ്കിലും സമനില കണ്ടെത്താനായില്ല. ഇതോടെ മാഞ്ചസ്റ്റർ സിറ്റി വിജയമുറപ്പിച്ചു. ഈ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള സിറ്റി, ഒന്നാം സ്ഥാനത്തുള്ള ആഴ്സണലുമായുള്ള അകലം രണ്ട് പോയിന്റാക്കി കുറച്ചു. സിറ്റിക്ക് 28 പോയിന്റും ഒരു മത്സരം കുറവ് കളിച്ച ആഴ്സണലിന് 30 പോയിന്റുമാണുള്ളത്.
Content Highlights: Premier League: Manchester City survive stunning Fulham fightback