എച്ച്ഐവി/എയ്ഡ്സിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും എച്ച്ഐവി ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി (KSACS) സഹകരിക്കുന്നു. എച്ച്ഐവി പ്രതിരോധ പ്രവർത്തനങ്ങളിൽ സാമൂഹിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ലോക എയ്ഡ്സ് ദിനം.
ഈ വർഷത്തെ പ്രമേയമായ "പ്രതിസന്ധികളെ അതിജീവിച്ച് എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട്" എന്നതിന് അനുസൃതമായി, എച്ച്ഐവി പ്രതിരോധത്തിൽ അവബോധവും സാമൂഹിക പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനാണ് ഈ സഹകരണം.
കെഎസ്എസിഎസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 1 ന് രാവിലെ 10 മണിക്ക് കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ വെച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ. ജെ. റീന നിർവ്വഹിച്ചു. ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി.യുടെ സ്പോൺസർഷിപ്പ്, കൊമേഴ്സ്യൽ & റെവന്യൂ വിഭാഗം മേധാവി രഘു രാമചന്ദ്രൻ പങ്കെടുത്തു. അദ്ദേഹം ഔദ്യോഗിക സഹകരണ പ്രഖ്യാപനത്തിൽ പങ്കുചേർന്നു.
സംസ്ഥാനത്തെ എച്ച്ഐവി/എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങളിൽ കെഎസ്എസിഎസ് നിർണായക പങ്ക് വഹിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ 95-95-95 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കേരളം പ്രവർത്തിക്കുന്ന ഈ സുപ്രധാന ഘട്ടത്തിൽ, കെഎസ്എസിഎസും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും തമ്മിലുള്ള ഈ പങ്കാളിത്തം പൊതുജന അവബോധം വർദ്ധിപ്പിക്കാനും സാമൂഹിക വിവേചനം കുറയ്ക്കാനും സർക്കാരിൻ്റെ നിലവിലുള്ള പ്രതിരോധ, പരിചരണ, ചികിത്സാ ശ്രമങ്ങൾക്ക് പിന്തുണ നൽകാനും ലക്ഷ്യമിടുന്നു. ക്ലബ്ബിന്റെ ശക്തമായ ആരാധക ബന്ധവും ഡിജിറ്റൽ സ്വാധീനവും ഉപയോഗിച്ച്, എച്ച്ഐവി/എയ്ഡ്സ് നിയന്ത്രിക്കുന്നതിനുള്ള കേരളത്തിൻ്റെ ദൗത്യത്തിന് ഈ സഹകരണം മുന്നേറ്റം നൽകും. സംസ്ഥാനത്തുടനീളമുള്ള പൊതുജനാരോഗ്യ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പങ്കാളിത്തം.
Content Highlights: Kerala Blasters FC Partners with KSACS to Drive HIV Awareness on World AIDS Day 2025