അടുത്ത വര്ഷം സൗദി അറേബ്യയില് നടക്കുന്ന അണ്ടര് 17 ഏഷ്യന് കപ്പ് ഫുട്ബോളിന് യോഗ്യത നേടി ഇന്ത്യ. ശക്തരായ ഇറാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന് യുവനിര യോഗ്യത നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് ഇറാനെ ഇന്ത്യ മലര്ത്തിയടിച്ചത്.
ഇന്ത്യയെ ഞെട്ടിച്ച് ഇറാനാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. മത്സരം ആരംഭിച്ച് 19-ാം മിനിറ്റില് തന്നെ ഇറാന് മുന്നിലെത്തി. ഇറാന് വേണ്ടി അമിര്റേസ വാലിപുര് ആണ് ഗോളടിച്ചത്. പിന്നാലെ തിരിച്ചടിക്കാനായി ഇന്ത്യ മുന്നേറ്റം ശക്തമാക്കിയതോടെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില് സമനിലഗോളും പിറന്നു. പെനാല്റ്റിയിലൂടെ ക്യാപ്റ്റന് ദല്ലാല്മുന് ഗാംഗ്തെയാണ് വലകുലുക്കിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില് ഇന്ത്യ ലീഡുമെടുത്തു. ഗുണ്ലൈബയാണ് ഇന്ത്യയുടെ രണ്ടാം ഗോൾ കണ്ടെത്തിയത്. പിന്നാലെ ഇന്ത്യ വിജയവും ഏഷ്യൻ കപ്പ് യോഗ്യതയും സ്വന്തമാക്കി. ഇത് പത്താം തവണയാണ് ഇന്ത്യ ടൂര്ണമെന്റിന് യോഗ്യത നേടുന്നത്.
Content Highlights: India beats Iran to qualifies for AFC U-17 Asian Cup 2026