സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂർണമെന്റിൽ കാലിക്കറ്റ് എഫ്സി - മലപ്പുറം എഫ്സി ക്ലാസിക് പോരാട്ടത്തിൻറെ രണ്ടാം പാദം കാലിക്കറ്റിന്റെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച്ച നടക്കും. വൈകീട്ട് 7.30നാണ് കിക്കോഫ്. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ആവേശകരമായ 3-3 സമനിലയിൽ അവസാനിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്സിയെ കിരീടത്തിലേക്ക് നയിച്ച ജോൺ കെന്നഡി അബ്ദുൽ ഹക്കു, ഗനി നിഗം, എന്നീ സൂപ്പർ താരങ്ങൾ ഇത്തവണയുള്ളത് മലപ്പുറത്തിൻറെ കൂടെയാണ്. ഗോൾവേട്ടക്കാരുടെ പട്ടികയിൽ മുന്നിലുള്ള എംഎഫ്സിയുടെ ബ്രസീലിയൻ താരം കെന്നഡിയും സിഎഫ്സിയുടെ യുവതാരം അജ്സലും നേർക്കുനേർ ഏറ്റുമുട്ടുന്നുവെന്നതും ഈ ഡെർബിയുടെ പ്രത്യേകതയാണ്. രണ്ടു പേരും ഏഴ് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളടിച്ച് ഒപ്പത്തിനൊപ്പമാണ്.
നിലവിൽ ലീഗിലെ ടേബിൾ ടോപേഴ്സ് ആണ് കാലിക്കറ്റ്. 7 മത്സരങ്ങളിൽ നിന്ന് 14 പോയിന്റാണ് അവർക്കുള്ളത്. മലപ്പുറമാകട്ടെ 7 മൽസരങ്ങളിൽ നിന്നും 10 പോയിന്റോടെ നാലാം സ്ഥാനത്താണുള്ളത്. പ്ലേ ഓഫ് ഉറപിക്കണമെങ്കിൽ എംഎഫ്സിക്ക് ഡെർബിയടക്കം വരുന്ന എല്ലാ കളിയിലും ജയിച്ചേ മതിയാകു. തങ്ങളുടെ ചിരവൈരികളായ കാലിക്കറ്റുമായി മലപ്പുറത്തിന് ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടില്ല, കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കാലിക്കറ്റിനായിരുന്നു മുൻതൂക്കം.ഹോമിലും എവേയിലും കാലിക്കറ്റ് എഫ്സി മലപ്പുറത്തെ പരാജയപ്പെടുത്തിയിരുന്നു. കോഴിക്കോടിൻ്റെ മണ്ണിൽ വെച്ച് മലപ്പുറത്തിന് പ്രതികാരം വീട്ടാനാകുമോയെന്ന് തിങ്കളാഴ്ച കണ്ടറിയാം.
Content Highlights: Malabar Derby; Second leg to be played in Kozhikode on Monday