ഹെഡ് കോച്ച് മിഗ്വേൽ കോറൽ ടൊറൈറയെ പരിശീലക സ്ഥാനത്ത് നിന്നും നീക്കി മലപ്പുറം എഫ്സി. ക്ലബ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. തന്റെ കാലയളവിൽ ടീമിന് വേണ്ടി നൽകിയ എല്ലാ പരിശ്രമങ്ങൾക്കും ഊർജ്ജത്തിനും മിഗ്വേലിനോട് നന്ദി അറിയിക്കുന്നതായും ക്ലബ് മാനേജ്മെന്റ് അറിയിച്ചു.
പോയിന്റ് ടേബിളിൽ നിലവിൽ നാലാം സ്ഥാനത്താണ് മലപ്പുറം എഫ്സി. ഏഴ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും നാല് സമനിലയും ഒരു തോൽവിയുമായി പത്ത് പോയിന്റാണ് അവർക്കുള്ളത്. ഇതുവരെ പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല.
14 പോയിന്റുമായി കാലിക്കറ്റ് എഫ്സിയും ത്രീശൂർ മാജിക്ക് എഫ്സിയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. തിരുവന്തപുരം കൊമ്പൻസ് 11 പോയിന്റുമായി മൂന്നാം സ്ഥാനത്തും 10 പോയിന്റുമായി മലപ്പുറവും കണ്ണൂരും നാലും അഞ്ചും സ്ഥാനത്തുമാണ്. ആദ്യ നാല് ടീമുകൾക്കാണ് പ്ലേ ഓഫിലേക്ക് കടക്കാനാകുക.
ഒരുപിടി മികച്ച താരങ്ങൾ ഉണ്ടായിട്ടും മത്സരങ്ങളിൽ വിജയം ഉറപ്പാക്കാനാവാത്തതാണ് കോച്ചിനെ പുറത്താക്കാൻ കാരണമെന്നാണ് സൂചന.
Content Highlights:super league kerala 2026, malappuram fc sacked head coach Miguel Torreira