ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി കരീബിയന് ദ്വീപ് രാജ്യമായ ക്യുറസാവോ. ജമൈക്കക്കെതിരെ ഗോള്രഹിത സമനില നേടിയതോടെയാണ് വെറും 1,56,000 മാത്രം ജനസംഖ്യയുള്ള ക്യുറസോ കോണ്കാകാഫ് മേഖലയില് നിന്ന് 2026 ലോകകപ്പിന് യോഗ്യത നേടിയത്.
2018 റഷ്യന് ലോകകപ്പില് കളിച്ച ഐസ്ലന്ഡായിരുന്നു നിലവില് ഫുട്ബോളിലെ ലോക മേളക്കെത്തിയ ചെറിയ രാജ്യം. അന്നാ നാട്ടില് ഉണ്ടായിരുന്നത് മൂന്നര ലക്ഷം ജനങ്ങള് മാത്രമായിരുന്നു. ഐസ്ലാന്ഡിനേക്കാള് പകുതി മാത്രമാണ് പക്ഷെ ഇന്ന് ക്യൂറസാവോയിലെ ജനസംഖ്യ.
കോണ്കാകാഫ് മേഖലയില് നിന്ന് ഹെയ്ത്തി, പാനമ രാജ്യങ്ങള്ക്കൊപ്പമാണ് ക്യുറസാവോയും ലോകകപ്പിനെത്തുന്നത്. തോല്വി അറിയാതെയാണ് യോഗ്യതാ റൗണ്ടില് അവരുടെ മുന്നേറ്റം. ബെര്മുഡക്കെതിരെ 7-0ത്തിന്റെ വമ്പന് ജയം നേടിയ ക്യുറസാവോ, പത്ത് മത്സരങ്ങളില് ഏഴും ജയിച്ചാണ് ഒന്നാമതെത്തിയത്.
കരീബിയന് കടലില് വീണ പൊട്ടുപോലൊരു രാജ്യം. നെതര്ലന്ഡ്സിന് കീഴിലായിരുന്നു ആ പ്രദേശം. 2010 ൽ അവര് സ്വാതന്ത്ര്യം പ്രഖാപിച്ച് സ്വയംഭരണാവകാശം നേടി. ആ വര്ഷം തന്നെ ഫിഫയില് അംഗത്വം നേടി. അംഗത്വം ലഭിച്ച് കൃത്യം വെറും പതിനഞ്ച് വര്ഷം മാത്രം കഴിഞ്ഞപ്പോള് തന്നെ ലോകകപ്പിന് നേരിട്ട് യോഗ്യതയും ലഭിച്ചു. അംഗത്വം നേടുമ്പോൾ 200 നടുത്തുള്ള റാങ്കായിരുന്നു അവർക്കുണ്ടായിരുന്നത്. എന്നാൽ ഈ കുറഞ്ഞ കാലം കൊണ്ട് അവർ 82 ലെത്തി.
ക്യുറസാവോ ടീമിലെ മിക്ക താരങ്ങളും നെതര്ലന്ഡ്സില് ജനിച്ചവരും അവിടെ പന്തുതട്ടി വളർന്നവരുമാണ്. ഓറഞ്ച് ജഴ്സിയിൽ അവസരം ലഭിക്കാത്തത് കൊണ്ട് നീല ജഴ്സിയിലേക്ക് ചേക്കേറിയവരുമാണ് ഇവർ. അതേ സമയം ടീമിൽ അഞ്ചിലധികം താരങ്ങൾ ക്യുറസാവോയുടെ സ്വന്തം മണ്ണിൽ നിന്നുള്ളവരുമുണ്ട്.
Content Highlights: Curacao become smallest-ever nation at World Cup