എ എഫ് സി ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബംഗ്ലാദേശിനോട് പരാജയപ്പെട്ട് ഇന്ത്യ. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ പരാജയം. 11-ാം മിനിറ്റിൽ മോർസാലിനാണ് ബംഗ്ലാദേശിനായി വലകുലുക്കിയത്. എഎഫ്സി ഏഷ്യൻ കപ്പിൽ അഞ്ച് മത്സരം പിന്നിടുമ്പോൾ ഇന്ത്യയ്ക്ക് ഒരു വിജയം പോലും നേടാൻ സാധിച്ചിട്ടില്ല.
മത്സരത്തിന്റെ ആദ്യ പകുതിയിൽ അധികം അവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യൻ സംഘത്തിന് സാധിച്ചില്ല. കൗണ്ടർ അറ്റാക്കുകളിലൂടെയായിരുന്നു ബംഗ്ലാദേശ് ആദ്യ പകുതിയിൽ മുന്നേറ്റങ്ങൾ നടത്തിയത്. രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെച്ചു. മുഹമ്മദ് സനൻ ബ്രിസൺ ഫെർണാണ്ടസ് എന്നിവർ കളത്തിലെത്തിയത് ഇന്ത്യൻ നിരയ്ക്ക് കരുത്തുപകർന്നു.
ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന സനൻ ബംഗ്ലാദേശ് പ്രതിരോധത്തെ മറികടന്ന് നിരന്തരം മുന്നേറി. എങ്കിലും ഗോൾവല ചലിപ്പിക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായി. ഇന്ത്യൻ മുന്നേറ്റങ്ങളെ പ്രതിരോധിക്കാൻ ബംഗ്ലാദേശ് ശക്തമായി ശ്രമിച്ചതോടെ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം അകന്നുനിന്നു.
Content Highlights: India falls to narrow loss against Bangladesh