സൂപ്പർ ലീ​ഗ് കേരള; തൃശൂരിനെ ഒരു ​ഗോളിന് വീഴ്ത്തി കാലിക്കറ്റ്

രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജുനെ പിൻവലിച്ച കാലിക്കറ്റ്‌ ക്യാപ്റ്റൻ പ്രശാന്തിനെ കൊണ്ടുവന്നു

സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടൂർണമെന്റിൽ കാലിക്കറ്റ്‌ എഫ്സി ഏകപക്ഷീയമായ ഒരു ഗോളിന് തൃശൂർ മാജിക് എഫ്സിയെ തോൽപ്പിച്ചു. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഏഴാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഫെഡ്രിക്കോ ബുവാസോയാണ് നിർണായക ഗോൾ നേടിയത്. ഏഴ് കളികളിൽ 14 പോയന്റുമായി കാലിക്കറ്റ്‌ പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് കയറി. 13 പോയന്റുള്ള തൃശൂർ രണ്ടാമതാണ്.

പതിനഞ്ചാം മിനിറ്റിൽ കാലിക്കറ്റ്‌ ഗോളിന് അടുത്തെത്തി. ഫെഡ്രിക്കോ ബുവാസോയുടെ ത്രൂ ബോൾ മുഹമ്മദ്‌ റോഷൽ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും തൃശൂരിന്റെ പരിചയസമ്പന്നനായഗോൾകീപ്പർ ലക്ഷ്മികാന്ത്‌ കട്ടിമണി രക്ഷകനായി. തൊട്ടുപിന്നാലെ കാലിക്കറ്റിന്റെ അജ്സൽ പോസ്റ്റിന്റെ കോർണറിലേക്ക് പൊക്കിയിട്ട പന്തും കട്ടിമണി കൈപ്പിടിയിലാക്കി. ആദ്യപകുതിയിൽ ആധിപത്യം പുലർത്താൻ കാലിക്കറ്റിന് കഴിഞ്ഞെങ്കിലും ഗോൾ പിറന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജുനെ പിൻവലിച്ച കാലിക്കറ്റ്‌ ക്യാപ്റ്റൻ പ്രശാന്തിനെ കൊണ്ടുവന്നു. പിന്നാലെ ഫൈസൽ അലി, ഫ്രാൻസിസ് അഡോ എന്നിവരെ തൃശൂരും ആഷിഖ്, അരുൺ എന്നിവരെ കാലിക്കറ്റും കളത്തിലിറക്കി. അറുപത്തിയൊൻപതാം മിനിറ്റിൽ ബുവാസോയുടെ പാസ് സ്വീകരിച്ച് അജ്സൽ എടുത്ത ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു. ബിബിൻ അജയനെ ഫൗൾ ചെയ്ത കാലിക്കറ്റിന്റെ ആഷിഖിന് റഫറി മഞ്ഞക്കാർഡ് നൽകി. എൺപത്തിയാറാം മിനിറ്റിൽ കളിയുടെ വിധിയെഴുതിയ ഗോൾ വന്നു. പകരക്കാരൻ ഷഹബാസ് അഹമ്മദ്‌ വലതു വിങിൽ നിന്ന് നൽകിയ ക്രോസ്സ് അർജന്റീനക്കാരൻ ഫെഡ്രിക്കോ ബുവാസോ ഹെഡ്ഡ് ചെയ്തു വലയിലെത്തിച്ചു (1-0).

ആദ്യ പാദത്തിൽ കോഴിക്കോട് ഏറ്റുമുട്ടിയപ്പോൾ തൃശൂർ ഒരു ഗോളിന് കാലിക്കറ്റിനെ തോൽപ്പിച്ചിരുന്നു. 10580 കാണികൾ മത്സരം കാണാൻ ഗ്യാലറിയിലെത്തി. നാളെ ഏഴാം റൗണ്ടിലെ അവസാന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

Content Highlights: Calicut FC defeat league leader Thrissur Magic FC in SLK

To advertise here,contact us