ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി തന്റെ മുൻ ക്ലബായ ബാഴ്സലോണയിലേക്ക് തിരിച്ചുവരില്ലെന്ന് ക്ലബ് പ്രസിഡന്റ് ജൊവാന് ലപോര്ട്ട. യാഥാർത്ഥ്യമല്ലാത്ത കാര്യങ്ങൾ വെറുതെ ഊഹിക്കരുതെന്ന് സ്പാനിഷ് ക്ലബിന്റെ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ക്യാംപ് നൗവിലെ ബാഴ്സലോണയുടെ നവീകരിച്ച സ്റ്റേഡിയം സന്ദർശിച്ചതിന് ശേഷം ക്ലബിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് മെസ്സി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെസ്സിയുടെ തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് ലപോർട്ട സ്ഥിരീകരിച്ചത്.
'മെസ്സിയെ വീണ്ടും ക്യാംപ് നൗവിൽ കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാൽ മെസ്സി ഇവിടേയ്ക്ക് വരുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ബാഴ്സലോണ മെസ്സിയെ ഏറെ സ്നേഹിക്കുന്നു. ഇത് അയാളുടെ വീടാണ്. അത് മെസ്സിക്കും അറിയാം. ചരിത്രത്തിലെ ഏറ്റവും മികച്ച യാത്രയയപ്പിന് മെസ്സി അർഹനാണെന്ന് ഞാൻ കരുതുന്നു.' കാറ്റലൂന്യ റേഡിയോയിൽ ലപോർട്ട പ്രതികരിച്ചു.
'2021ൽ മെസ്സി ബാഴ്സയിൽ നിന്ന് വിടവാങ്ങിയപ്പോൽ സംഭവിച്ച കാര്യങ്ങളിൽ എനിക്ക് വിഷമമില്ല. ഏതൊരു താരത്തേക്കാളും മുകളിലാണ് ബാഴ്ലോണയെന്ന ക്ലബ്. മെസ്സി ബാഴ്സ വിട്ടുപോകുന്നത് ആരും ആഗ്രഹിച്ചിരുന്നതല്ല. പക്ഷേ അന്ന് മെസ്സിയെ നിലനിർത്താൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ല,' ലപോർട്ട കൂട്ടിച്ചേർത്തു.
'മെസ്സിയോടും ബാഴ്സയുടെ താരങ്ങളോടും മറ്റുള്ള അംഗങ്ങളോടുമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയുകയാണ്. യാഥാർത്ഥ്യമല്ലാത്ത സാഹചര്യങ്ങൾ ഊഹിക്കാനുള്ള സമയമല്ലിത്,' ലപോർട്ട വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് സ്പാനിഷ് ഫുട്ബോൾ ക്ലബ് എഫ് സി ബാഴ്സലോണയുടെ നവീകരിച്ച സ്റ്റേഡിയമായ ക്യാംപ് നൗവിലേക്ക് ലയണൽ മെസ്സി അപ്രതീക്ഷിത സന്ദർശനം നടത്തിയത്. പിന്നാലെ ഒരു ദിവസം ഇവിടേയ്ക്ക് തിരിച്ചുവരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായ് താരം പ്രതികരണം നടത്തിയിരുന്നു.
'ഇന്നലെ രാത്രി, എൻ്റെ ഹൃദയത്തിൽ എപ്പോഴും നഷ്ടബോധമുള്ള ഒരു സ്ഥലത്തേയ്ക്ക് ഞാൻ മടങ്ങിയെത്തി. ഞാൻ ഒരുപാട് സന്തോഷിച്ചിരുന്ന സ്ഥലം. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള വ്യക്തിയെക്കാൾ ആയിരം മടങ്ങ് അധികമാണ് ഞാൻ ഇവിടെ സന്തോഷിച്ചത്. ഒരു ദിവസം എനിക്ക് ഇവിടേക്ക് തിരിച്ചു വരാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു കളിക്കാരനെന്ന നിലയിൽ വിട പറയാൻ മാത്രമല്ല ഞാൻ ഇവിടേയ്ക്ക് വരാൻ ആഗ്രഹിക്കുന്നത്. ഒരു അവസരം ഉണ്ടായില്ലെങ്കിൽ പോലും…' പൂർത്തിയാക്കാത്ത ഏതാനും വാചകങ്ങൾ ലയണൽ മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മെസ്സിക്ക് മറുപടിയുമായി ബാഴ്സലോണയും രംഗത്തെത്തിയിരുന്നു. ലിയോ താങ്കൾക്ക് എപ്പോഴും ഇവിടേയ്ക്ക് സ്വാഗതമെന്ന് ബാഴ്സ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 2005ലാണ് മെസ്സി ബാഴ്സലോണയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. 781 മത്സരങ്ങളിൽ അർജന്റീനൻ ഇതിഹാസം ബാഴ്സലോണയുടെ കുപ്പായം അണിഞ്ഞു. 674 തവണ ബാഴ്സയ്ക്കുവേണ്ടി മെസ്സി ഗോളുകൾ നേടി. 10 ലാലീഗയും നാല് ചാമ്പ്യൻസ് ലീഗും ഏഴ് കോപ്പ ഡെൽ റെയും മെസ്സി ബാഴ്സയിൽ സ്വന്തമാക്കി.
2021ലാണ് മെസ്സി ബാഴ്സ ബന്ധത്തിന് അവസാനമായത്. കൊവിഡ് കാലത്തുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് താരത്തെ കൈവിടാൻ ബാഴ്സ മാനേജ്മെന്റ് നിർബന്ധിതമായി. ബാഴ്സ വിടുന്ന കാര്യം വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മെസ്സി പ്രഖ്യാപിച്ചത്. നീണ്ട 16 വർഷത്തിന് ശേഷമാണ് മെസ്സി ബാഴ്സ വിട്ടിറങ്ങിയത്.
Content Highlights: Messi not returning to Barcelona says Laporta