ബ്ലാസ്റ്റേഴ്‌സ് കോർപ്പറേറ്റ് കപ്പ്: ആവേശപ്പോരാട്ടത്തിനൊടുവിൽ ടിസിഎസിനും യുഎസ്ടിക്കും കിരീടം

കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഫുട്ബോളിൻ്റെ പേരിൽ ഒന്നിപ്പിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് കോർപ്പറേറ്റ് കപ്പിന്റെ ലക്ഷ്യം

ബ്ലാസ്റ്റേഴ്‌സ് കോർപ്പറേറ്റ് കപ്പ് 2025ന് കൊടിയിറങ്ങി. കാക്കനാട് ആക്ടിവ്ബേസ് സ്പോർട്സ് സെൻ്റർ വേദിയായ പോരാട്ടത്തിൽ ടാറ്റാ കൺസൾട്ടൻസ് സർവീസസ് പുരുഷ വിഭാ​ഗത്തിലും യുഎസ്ടി വനിതാ വിഭാ​ഗത്തിലും കിരീടം നേടി. പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഫുട്ബോളിൻ്റെ പേരിൽ ഒന്നിപ്പിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് കോർപ്പറേറ്റ് കപ്പിന്റെ ലക്ഷ്യം.

വാശിയേറിയ ഫൈനലിൽ ടാറ്റാ കൺസൾട്ടൻസി സർവീസസ് എച്ച് ആന്റ് ആർ ബ്ലോക്കിനെതിരെ 2-1 എന്ന സ്കോറിനാണ് വിജയിച്ചത്. വനിതാ വിഭാഗത്തിൽ യുഎസ്ടിയാണ് കിരീടം ചൂടിയത്. വിപ്രോയെ 1-0 എന്ന നേരിയ വ്യത്യാസത്തിലാണ് യുഎസ്ടി പരാജയപ്പെടുത്തിയത്. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും തിങ്ങിനിറഞ്ഞ ഗാലറിയുടെ ആരവങ്ങൾക്കിടയിലായിരുന്നു ഫൈനൽ മത്സരങ്ങൾ. ഒക്ടോബർ 18-ന് തുടങ്ങിയ ടൂർണമെൻ്റിൽ 12 പുരുഷ ടീമുകളും 4 വനിതാ ടീമുകളുമാണ് പങ്കെടുത്തത്. നാല് വാരാന്ത്യങ്ങളിലായി നടന്ന 7എ സൈഡ് മത്സരങ്ങളിൽ സംസ്ഥാനത്തെ 250-ൽ അധികം കളിക്കാർ മാറ്റുരച്ചു. നിരവധി മത്സരങ്ങൾ അവസാന നിമിഷം വരെ ആവേശം നിറഞ്ഞതായിരുന്നു.

പുരുഷ വിഭാഗത്തിൽ ടിസിഎസിലെ റീജോ ജോർജ് പ്ലെയർ ഓഫ് ദി ടൂർണമെൻ്റ് പുരസ്‌കാരം നേടി. ടിസിഎസിൻ്റെ തന്നെ ജൂബിൻ അഗസ്റ്റിനാണ് ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയത്. ടൂർണമെൻ്റിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്‌കാരം എക്സ്പീരിയണിലെ അഹമ്മദ് മുർഷാദിന് ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച യുഎസ്ടിയിലെ സൂര്യ പോൾ വനിതാ വിഭാഗം പ്ലെയർ ഓഫ് ദി ടൂർണമെൻ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോൾകീപ്പിങ്ങിന് യുഎസ്ടിയിലെ വിജയലക്ഷ്മി വിൽസൺ ഗോൾഡൻ ഗ്ലൗവും, ടോപ് സ്കോററായി വിപ്രോയിലെ അഞ്ജന ബേബി ഗോൾഡൻ ബൂട്ട് പുരസ്‌കാരവും കരസ്ഥമാക്കി.

കോർപ്പറേറ്റ് ജീവനക്കാർക്കിടയിൽ കൂട്ടായ പ്രവർത്തനവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ വേദിയായി ഈ ടൂർണമെൻ്റ് മാറിയെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. ഫുട്ബോളിനപ്പുറം കായിക വികസനത്തിനും സാമൂഹിക ബന്ധങ്ങൾക്കും പ്രാധാന്യം നൽകാനുള്ള തങ്ങളുടെ ശ്രമം തുടരുമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.

Content Highlights: TCS and UST Crowned Champions at the Simple Energy Blasters Corporate Cup 2025

To advertise here,contact us