കാറപടകത്തിൽ മരിച്ച പോര്ച്ചുഗീസ് ഫുട്ബോള് താരം ഡിയാഗോ ജോട്ടയുടെ സംസ്കാരച്ചടങ്ങില് പങ്കെടുക്കാത്തതിൽ വിശദീകരണവുമായി ക്രിസറ്റ്യാനോ റൊണാൾഡോ. ബ്രോഡ്കാസ്റ്ററായ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് വിഷയത്തിൽ റൊണാൾഡോ മനസ്സ് തുറന്നത്.
ദേശീയ ടീമിൽ സഹതാരമായിരുന്നിട്ടും റൊണാള്ഡോ സംസ്കാര ചടങ്ങിനെത്താത്തത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. പോര്ച്ചുഗീസ് നഗരമായ ഗോണ്ഡമറില് നടന്ന ചടങ്ങിലാണ് ക്രിസറ്റ്യാനോ പങ്കെടുക്കാതിരുന്നത്. എന്നാൽ താൻ ചടങ്ങിനെത്തിയാൽ ശ്രദ്ധ മുഴുവൻ തന്നിലേക്കാകുമെന്നും അത് മുൻനിർത്തിയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും പോർച്ചുഗീസ് നായകൻ പറഞ്ഞു.
എൻ്റെ അച്ഛൻ മരിച്ചതിന് ശേഷം പിന്നീട് ഒരിക്കലും സെമിത്തേരിയിൽ പോയിട്ടില്ല. നിങ്ങൾക്ക് എന്നെയും എൻ്റെ പ്രശസ്തിയെ കുറിച്ചും അറിയാമല്ലോ? ഞാൻ എവിടെ പോയാലും ആളുകൾ കൂടും. ശ്രദ്ധ മുഴുവൻ എന്നിലേക്കാകും. അതൊഴിവാക്കാനാണ് അങ്ങനെ ചെയ്തത്, റൊണാൾഡോ കൂട്ടിച്ചേർത്തു.
ജോട്ടയുടെ അടുത്ത സുഹൃത്തുക്കളും പോർച്ചുഗൽ ടീമിലെ ചില സഹതാരങ്ങളും സംസ്കാരച്ചടങ്ങില് പങ്കെടുത്തിരുന്നു. ലിവര്പൂളിലെ ജോട്ടയുടെ ഒട്ടുമിക്ക സഹതാരങ്ങളും ചടങ്ങിനെത്തിയിരുന്നു.
കാര് അപകടത്തില് പോര്ച്ചുഗീസ് ഫുട്ബോള് താരം ഡിയാഗോ ജോട്ട മരിച്ചുവെന്ന വാര്ത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. 2025 ജൂലൈ 3 ന് സ്പെയിനിലെ സമോറ നഗരത്തില് വെച്ചുണ്ടായ അപകടത്തില് ജോട്ടയ്ക്കും ഒപ്പം സഞ്ചരിച്ചിരുന്ന സഹോദരന് ആൻഡ്രെ സില്വയ്ക്കും ജീവന് നഷ്ടപ്പെട്ടു. വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രം കഴിയുമ്പോഴാണ് താരത്തിന് ദാരുണാന്ത്യം സംഭവിക്കുന്നത്.
Content Highlights: Cristiano Ronaldo on his absence from Diogo Jota's funeral