ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയെ ഞെട്ടിച്ച് ബെല്ജിയം ക്ലബ് ബ്രുഗെ. ബാഴ്സയെ ബ്രുഗെ 3 -3 സമനിലയിൽ തളച്ചു.
6-ാം മിനിറ്റിൽ നിക്കോളോ ട്രെസോൾഡിയിലൂടെ ബ്രുഗെയാണ് ആദ്യ ഗോൾ നേടിയത്. തൊട്ടടുത്ത രണ്ട് മിനിട്ടുകൾക്ക് ശേഷം 8-ാം മിനിറ്റിൽ ഫെറൻ ടോറസിലൂടെ ബാഴ്സ ഗോൾ മടക്കി. എന്നാൽ 17-ാം മിനിറ്റിൽ കാർലോസ് ഫോർബ്സ് വീണ്ടും ബെൽജിയൻ ക്ലബിന് ലീഡ് നേടി കൊടുത്തു. 61-ാം മിനിറ്റിൽ ലാമിൻ യമാലിലൂടെ ബാഴ്സ വീണ്ടും സമനില ഗോൾ നേടി.
എന്നാൽ രണ്ട് മിനിറ്റുകൾക്കകം 63-ാം മിനിറ്റിൽ ഫോർബ്സ് വീണ്ടും വല കുലുക്കിയതോടെ കാറ്റാലന്മാർ വീണ്ടും പിന്നിലായി. എന്നാൽ 77-ാം മിനിറ്റിൽ ബ്രുഗെ താരത്തിന്റെ ഓൺ ഗോളിൽ ബാഴ്സ രക്ഷപ്പെട്ടു.
സമനിലയോടെ നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ് ബാഴ്സ. ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ഇനിയുള്ള മത്സരങ്ങൾ നിർണായകമാകും.
Content Highlights:Club Brugge vs Barcelona 3-3: UEFA Champions League