'മുംബൈ സിറ്റിക്കെതിരെ മത്സരം എളുപ്പമാകില്ല, ശ്രദ്ധയോടെ കളിക്കും'; ബ്ലാസ്റ്റേഴ്സ് പരിശീലകൻ

'ബ്ലാസ്റ്റേഴ്സ് നിര ആക്രമണത്തിൽ മികച്ച ഒത്തിണക്കം നേടിയിട്ടുണ്ട്'

സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ മുംബൈ സിറ്റിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ വിശദീകരിച്ച് പരിശീലകൻ ഡേവിഡ് കറ്റാല. 'സെമിഫൈനൽ സ്ഥാനം ഉറപ്പിക്കാൻ പോകുന്ന മുംബൈക്കെതിരായ ഈ കളി എളുപ്പമാകില്ല. ശ്രദ്ധയോയോടെയാവും ഈ മത്സരത്തെ നേരിടുക. ബ്ലാസ്റ്റേഴ്സ് നിര ആക്രമണത്തിൽ മികച്ച ഒത്തിണക്കം നേടിയിട്ടുണ്ട്. കൂടാതെ പന്ത് കൂടുതൽ സമയം കൈവശം വെച്ച് കളിക്കാനും ഞങ്ങൾക്കിപ്പോൾ ആത്മവിശ്വാസമുണ്ട്,' കറ്റാല പ്രതികരിച്ചു.

'കളിക്കാർ സംയമനം പാലിക്കുന്നതും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധിക്കുന്നതുമാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷവാനാക്കുന്നത്. അത് തുടരാൻ തന്നെയാവും ഞങ്ങൾ ഈ മത്സരത്തിലും ശ്രമിക്കുക,' കറ്റാല വ്യക്തമാക്കി.

സൂപ്പർ കപ്പ് ഗ്രൂപ്പ് ഡി-യിലെ നിർണായക പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുംബൈ സിറ്റിയെയാണ് നേരിടുന്നത്. നാളെ ഫാറ്റോർദയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7:30-നാണ് മത്സരം. തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തകർപ്പൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. ഈ മത്സരത്തിൽ സമനില നേടിയാൽ പോലും ടീമിന് സെമിഫൈനൽ ഉറപ്പിക്കാം. എങ്കിലും ഗ്രൂപ്പ് ഘട്ടം മികച്ച രീതിയിൽ പൂർത്തിയാക്കാനായി മൂന്ന് പോയിൻ്റും നേടുക എന്ന ലക്ഷ്യത്തോടെയാകും ബ്ലാസ്റ്റേഴ്‌സ് കളിക്കുക.

Content Highlights: Head Coach David Català on the team’s preparation and goals

To advertise here,contact us