

കരബാവോ കപ്പില് തകര്പ്പന് വിജയവുമായി ചെല്സി ക്വാര്ട്ടര് ഫൈനലില്. വോള്വ്സിനെതിരായ മത്സരത്തില് മൂന്നിനെതിരെ നാല് ഗോളുകളുടെ വിജയം പിടിച്ചെടുത്താണ് ചെല്സിയുടെ മുന്നേറ്റം.
വോള്വ്സിന്റെ തട്ടകത്തില് നടന്ന പോരാട്ടത്തിന്റെ തുടക്കത്തില് തന്നെ ചെല്സി മുന്നിലെത്തി. അഞ്ചാം മിനിറ്റില് ആന്ദ്രേ സാന്റോസാണ് ദ ബ്ലൂസിന്റെ ആദ്യഗോള് നേടിയത്. 15-ാം മിനിറ്റില് ടൈറിക് ജോര്ജ് ചെല്സിയുടെ ലീഡ് ഇരട്ടിയാക്കി. 41-ാം മിനിറ്റില് എസ്റ്റേവോയും കൂടി അക്കൗണ്ട് തുറന്നതോടെ ആദ്യപകുതി ചെല്സിക്ക് അനുകൂലമായാണ് പിരിഞ്ഞത്.
എന്നാല് വോള്വ്സിന്റെ തിരിച്ചടിയോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. 48-ാം മിനിറ്റില് ടോലു അരോകോദരെയാണ് ആതിഥേയരുടെ ആദ്യഗോള് കണ്ടെത്തിയത്. 73-ാം മിനിറ്റില് ഡേവിഡ് മോളറിലൂടെ ചെല്സിയുടെ വല വീണ്ടും കുലുങ്ങി.
എന്നാല് ചെല്സിയും വിട്ടുകൊടുത്തില്ല. 89-ാം മിനിറ്റില് ജാമി ഗിറ്റന്സ് വോള്വ്സിന്റെ വലകുലുക്കി. മത്സരത്തിന്റെ ഇഞ്ചുറി ടൈമില് ഡേവിഡ് മോളറിലൂടെ വോള്വ്സ് വീണ്ടും ഗോളടിച്ചെങ്കിലും വിജയം കണ്ടെത്താനായില്ല.
Content Highlights: Carabao Cup: Chelsea beats Wolves and reach quarter-finals