കേരള ബ്ലാസ്റ്റേഴ്സ് കേരളം വിടുമെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് ഹോം ഗ്രൗണ്ട് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അത്തരം പ്രചാരണം സത്യമല്ലെന്നും അഭിക് ചാറ്റർജി പറഞ്ഞു. സ്റ്റേഡിയം ഉടമകളായ ജിസിഡിഎയുമായി നല്ല ബന്ധമാണ് ഉള്ളതെന്നും നവംബറിൽ എല്ലാ ജോലികളും പൂർത്തിയാകുമെന്ന് അറിയിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.
സ്റ്റേഡിയത്തിൽ നിലവിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളിൽ ഒരു ബുദ്ധിമുട്ടും ഇല്ല, ഐഎസ്എൽ സീസൺ പ്രഖ്യാപിച്ചുകഴിഞ്ഞാൽ ജിസിഡിഎയുമായി വീണ്ടും കരാറിൽ ഏർപ്പെടും. ഓരോ വർഷവും, ഐഎസ്എൽ കലണ്ടർ അടിസ്ഥാനമാക്കി കരാർ പുതുക്കാറുണ്ട്, വാടകയും എല്ലാ വർഷവും പരിഷ്കരിക്കും. നിലവിലെ സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐ എസ് എൽ പ്രഖ്യാപിക്കുന്ന മുറയ്ക്ക് സ്റ്റേഡിയത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് കരാർ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചർത്തു
നേരത്തെ ഐഎസ്എല് ടീമായ കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടായ കൊച്ചി വിട്ടേക്കുമെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. അര്ജന്റീന ഫുട്ബോള് ടീമിന്റെ കേരള സന്ദര്ശനം നവംബറില് നിന്ന് അടുത്ത വിൻഡോയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നത്.
സ്റ്റേഡിയം നവീകരണം വൈകുമെന്ന് ആരോപിച്ചായിരുന്നു ഈ റിപ്പോർട്ടുകൾ. എന്നാൽ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് തന്നെ ഉയർത്തി നവംബർ 30 നകം ജിസിഡിഎക്ക് തന്നെ കൈമാറുമെന്നാണ് അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിന്റെ സ്പോൺസർമാരായ റിപ്പോർട്ടർ ടിവി ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എംഡി ആന്റോ അഗസ്റ്റിൻ പറഞ്ഞത്. നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ അതിവേഗം പുരോഗമിക്കുകയാണ്.
Content Highlights:no plan to exit kochi, kerala blasters managment respond to rumors