യമാലിന്റെ വായടഞ്ഞു; ബെർണബ്യൂവിൽ എൽ ക്ലാസിക്കോ വിജയവുമായി റയൽ

എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ്

സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ആവേശകരമായ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് റയൽ മാഡ്രിഡ് . എംബാപ്പെ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരുടെ ഗോളുകളാണ് വിജയം ഉറപ്പിച്ചത്.

മത്സരത്തിന്റെ 22-ാം മിനിറ്റിൽ കൈലിയൻ എംബാപ്പെയിലൂടെ ആതിഥേയർ സ്കോറിംഗ് തുറന്നു. ജൂഡ് ബെല്ലിംഗ്ഹാമിന്റെ മികച്ച അസിസ്റ്റിൽ നിന്ന് എംബാപ്പെ അനായാസം ഫിനിഷ് ചെയ്യുകയായിരുന്നു.

38-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡ് നൽകിയ പാസിൽ ഫെർമിൻ ലോപ്പസ് മറുപടി ഗോൾ നേടിയതോടെ ബാഴ്‌സ കളിയിലേക്ക് തിരിച്ചുവന്നു.

എന്നാൽ 43-ാം മിനിറ്റിൽ എഡർ മിലിറ്റാവോയുടെ പാസിൽ നിന്ന് ബെല്ലിംഗ്ഹാം കൂടി ഗോൾ നേടിയതോടെ റയൽ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. ശേഷം ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരുഭാഗത്ത് നിന്നും കനപ്പെട്ട നീക്കങ്ങൾ ഉണ്ടായെങ്കിലും ഗോളായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ പെനാൽറ്റിയിലൂടെ ലീഡ് ഉയർത്താൻ മാഡ്രിഡിന് അവസരം ലഭിച്ചെങ്കിലും ബാഴ്സലോണയുടെ ഗോൾകീപ്പർ ഷെസ്നി എംബപ്പെയുടെ കിക്ക് തടഞ്ഞു.

കഴിഞ്ഞ സീസണിലെ നാല് തുടർച്ചയായ എൽ ക്ലാസിക്കോ തോൽവിക്ക് ശേഷമാണ് റയൽ വിജയം കൈകൾക്കുന്നത്. ജയത്തോടെ റയൽ മാഡ്രിഡ് ലാ ലിഗയിൽ തങ്ങളുടെ ലീഡ് അഞ്ച് പോയിന്റായി ഉയർത്തി. 10 മത്സരങ്ങളിൽ നിന്ന് അവർക്ക് 27 പോയിന്റുണ്ട്. 22 പോയിന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്ത് തുടരുന്നു.

Content Highlights: La liga: Real Madrid beat Barcelona, El Classico

To advertise here,contact us