ഗോവയിൽ നടക്കുന്ന എഫ്സി ഗോവയും അല് നസ്റും തമ്മിലുള്ള എ.എഫ്.സി ചാമ്പ്യന്സ് ലീഗ് ടൂര്ണമെന്റിലെ പോരാട്ടത്തിൽ കളിക്കാന് അല് നസ്ര് സ്ക്വാഡില് ക്രിസ്റ്റ്യാനോ റൊണാള്ഡോ ഉണ്ടാകില്ല. ഏഷ്യന് ചാംപ്യന്സ് ലീഗ് 2–ന്റെ ഗ്രൂപ്പ് പോരാട്ടത്തില് അല് നസ്റിനായി പന്തുതട്ടാന് സൂപ്പര്താരം എത്തുമെന്ന് റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. എന്നാല് ആരാധകരെ നിരാശകരാക്കിക്കൊണ്ട് ക്രിസ്റ്റ്യാനോ ഇന്ത്യയിലേക്കില്ല എന്ന റിപ്പോര്ട്ടുകള് പുറത്തുവന്നിരിക്കുകയാണ്. സൗദി മാധ്യമമാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്തത്.
അല് നസ്്റിന്റെ പരിശീലകനെ ഉദ്ധരിച്ചുകൊണ്ടാണ് സൗദി മാധ്യമം വാര്ത്ത പുറത്തുവിട്ടത്. എന്നാല് ഇക്കാര്യത്തില് അല് നസ്ര് ക്ലബ്ബ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. അല് നസ്ര് സ്ക്വാഡിനെ സംബന്ധിച്ച വിവരങ്ങള് നാളെ പുറത്തുവരും. ഈ മാസം 22ന് ഗോവയിലെ ഫറ്റോര്ദ സ്റ്റേഡിയത്തിലാണ് ക്രിസ്റ്റ്യാനോയുടെ അല് നസ്റും എഫ്സി ഗോവയും ഏറ്റുമുട്ടുക. ക്രിസ്റ്റ്യാനോയുടെ വിസ രേഖകള് അല് നസ്ര് കൈമാറിയതായി എഫ്സി ഗോവ അധികൃതര് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
🚨 Cristiano Ronaldo will not be included in the squad traveling to India for the match against FC Goa. pic.twitter.com/UUo0Qepkvg
ഏഷ്യന് ചാംപ്യന്സ് ലീഗ് 2 സീസണില് ഗ്രൂപ്പില് ഏറ്റവും ഒടുവിലായാണ് എഫ്.സി ഗോവയുടെ സ്ഥാനം. ആയതിനാല് ഗോവക്ക് എതിരെ റൊണാള്ഡോയെ ഇറക്കുമോ എന്നതില് നേരത്തെ ആരാധകര് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി ശാരീരിക ക്ഷമത നിലനിർത്താൻ യാത്രകളും മറ്റും ശ്രദ്ധയോടെ ക്രമീകരിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ പിൻവാങ്ങൽ.റൊണാള്ഡോ ഇല്ലെങ്കിലും അല് നസ്റിലെ പ്രമുഖ താരങ്ങളായ സാഡിയോ മാനെ, ജാവോ ഫെലിക്സ് എന്നിവര് ഗോവയ്ക്കെതിരെ ഏറ്റുമുട്ടാനായി എത്തും.
Content Highlights:Cristiano Ronaldo set to miss FC Goa clash in India