കഴിഞ്ഞയാഴ്ചയാണ് മലപ്പുറം എഫ്സിയുടെ ഉടമകളിലൊരാളായ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും തിരുവനന്തപുരം കൊമ്പൻസിന്റെ രക്ഷാധികാരികളിലൊരാളായ ശശി തരൂർ എംപിയും തമ്മിലുള്ള എസ്എൽകെയുടെ പ്രോമോ വിഡിയോ പുറത്തിറങ്ങുന്നത്. ഇരുവരും തമ്മിലുള്ള നർമസംഭാഷണം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.
ഇപ്പോഴിതാ കാലിക്കറ്റ് എഫ്സിയുടെ ബ്രാൻഡ് അംബാസഡറായ നടൻ ബേസിൽ ജോസഫുമായും സഞ്ജു സാംസൺ നർമത്തിൽ കൊമ്പുകോർക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന സഞ്ജുവിനെ, ബേസിൽ ഫോൺ വിളിക്കുന്നതിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. കാൾ എടുത്ത് ‘ഹലോ, ബോൽ’ എന്നു സഞ്ജു പറയുമ്പോൾ, ‘എടാ മോനെ, വിളിച്ചാൽ ഒന്നും കിട്ടുന്നില്ലല്ലോ, ഇങ്ങനെ കളിച്ചു നടക്കുകയാണല്ലേ’ എന്നു ബേസിൽ പറയുന്നു.
ഈ സാലാ കപ്പ് നംദേ എന്ന് ബേസിൽ പറയുമ്പോൾ, ‘നിനക്കൊരു കപ്പും കിട്ടാൻ പോണില്ല, ഒരു തേങ്ങയും കിട്ടാൻ പോണില്ല’ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ‘തീപ്പെട്ടി ഉരച്ചാൽ മെഴുകുതിരി കത്തും, എന്നുവച്ച് മെഴുകുതിരി ഉരച്ചാൽ ഒന്നും കത്തില്ല എന്ന് ബേസിലിന്റെ തഗ് മറുപടി. ‘ചുമ്മാ അതിറുതില്ലേ..’ എന്ന രജനീകാന്തിന്റെ പഞ്ച് ഡയലോഗ് സഞ്ജു പറയുന്നതോടെ വിഡിയോ അവസാനിക്കുന്നു.
അതേ സമയം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഇന്ന് മലപ്പുറം എഫ്സി- കാലിക്കറ്റ് എഫ്സി പോരാട്ടം നടക്കുന്നത്, ഈ സീസണിൽ ഇതുവരെ തോൽവിയറിയാതെ മുന്നേറുന്ന മലപ്പുറം എഫ്സി, അപരാജിത കുതിപ്പ് തുടരാനാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ കൊച്ചിക്കെതിരെ ജയിച്ചെങ്കിലും രണ്ടാം മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയോട് അടിപതറിയ കാലിക്കറ്റ് എഫ്സിക്ക് ഒരു തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.
നിലവിൽ രണ്ടു മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി മലപ്പുറം ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തും മൂന്നു പോയിന്റുള്ള കാലിക്കറ്റ് എഫ്സി നാലാം സ്ഥാനത്തുമാണ്.
Content Highlights: sanju samson and basil joseph slk promo video viral