ഫിഫ അണ്ടർ 20 ഫുട്ബാൾ ലോകകപ്പ് സെമി ഫൈനലിൽ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് അർജന്റീന ഫൈനലിൽ. അപരാജിതരായി സെമി ഫൈനലിലെത്തിയ അർജന്റീനക്കെതിരെ ശക്തമായ പ്രകടനമാണ് കൊളംബിയ കാഴ്ചവെച്ചത്.
പന്ത് പിടിച്ചുനിർത്താനായെങ്കിലും സ്കോർ ചെയ്യാനാവാത്തത് തിരിച്ചടിയായി. എന്നാൽ കിട്ടിയ അവസരം മുതലാക്കിയാണ് അർജന്റീന മുന്നേറിയത്. പകരക്കാരനായി ഇറങ്ങിയ മത്തിയോ സവിയറ്റ്റി 72-ാം മിനിറ്റിലാണ് ടീമിന്റെ വിജയഗോൾ നേടിയത്.
ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കയെയാണ് അർജന്റീന നേരിടേണ്ടി വരിക. യൂറോപ്യൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ 5-4ന് വീഴ്ത്തിയാണ് മൊറോക്കോ ഫൈനൽ ബർത്ത് ഉറപ്പിച്ചത്.
ആറു തവണ ചാമ്പ്യന്മാരായ അർജന്റീന 2007ന് ശേഷം ആദ്യമായാണ് ഫൈനലിലെത്തുന്നത്. 2009ൽ ഘാനയ്ക്ക് ശേഷം ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോയും മാറി. തിങ്കളാഴ്ച പുർച്ചെയാണ് ഫൈനൽ.
Content Highlights:Argentina clinch spot in FIFA U-20 World Cup 2025 final