
ലിവര്പൂള് ഇതിഹാസ താരം മൈക്കല് ഓവനെ കേരളത്തിലേക്ക് ക്ഷണിച്ച് ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര് ബാറ്റര് സഞ്ജു സാംസണ്. അടുത്തിടെയാണ് സഞ്ജുവിനെ ഇംഗ്ലീഷ് പ്രീമിയര് ലീഗിന്റെ ഇന്ത്യയിലെ അംബാസിഡറായി നിയമിച്ചത്. പിന്നാലെ പ്രീമിയര് ലീഗിന്റെ പര്യടനത്തിന്റെ ഭാഗമായി ലിവര്പൂളിന്റെ മുന് സ്ട്രൈക്കര് മൈക്കല് ഓവന് ഇന്ത്യയിലെത്തിയപ്പോഴാണ് സഞ്ജുവുമായി സംസാരിച്ചത്.
സ്റ്റാർ സ്പോർട്സിന് നല്കിയ അഭിമുഖത്തിലാണ് ഓവനെ സഞ്ജു കേരളത്തിലേക്ക് ക്ഷണിക്കുന്നത്. കേരളത്തില് ഫുട്ബോളിന്റെ പ്രാധാന്യം വിശദീകരിക്കുന്നതിനിടെയാണ് സഞ്ജുവിന്റെ പ്രതികരണം.
മൈക്കല് ഓവന്റെ മത്സരം കുട്ടിക്കാലത്ത് കണ്ട ഓര്മകളും സഞ്ജു പങ്കുവയ്ക്കുന്നുണ്ട്. 'എത്രത്തോളം അഭിനിവേശത്തോടെയാണ് ഞങ്ങള് അദ്ദേഹത്തിന്റെ കളി കണ്ടിരുന്നത് എന്ന് ഞാന് മൈക്കല് ഓവനോട് പറഞ്ഞു. എന്റെ അച്ഛന് മൈക്കല് ഓവന്റെ വലിയ ആരാധകനാണ്. ഇന്ന് രാത്രി ഒന്പത് മണിക്ക് മൈക്കല് ഓവന്റെ മത്സരമുണ്ട്. നിനക്ക് അദ്ദേഹത്തെ കാണണോ? ഇങ്ങനെയായിരുന്നു അച്ഛന് ചോദിച്ചിരുന്നത്', സഞ്ജു പറഞ്ഞു.
പിന്നാലെയാണ് മൈക്കല് ഓവനെ സഞ്ജു കൊച്ചിയിലേക്ക് ക്ഷണിക്കുന്നത് . കേരളത്തിന്റെ പരമ്പരാഗത ഭക്ഷണ വിഭവങ്ങളുമായി അദ്ദേഹത്തെ സ്വീകരിക്കാം എന്ന് സഞ്ജു ഉറപ്പ് നല്കുന്നു. കൊച്ചിയിലേക്ക് വരൂ, 'കേരളത്തിലേക്ക് വരൂ. അവിടെ നല്ല ചോറും മീന്കറിയും തന്ന് നിങ്ങളെ കൂടുതല് സ്നേഹിക്കാന് സാധിക്കും', സഞ്ജു പറഞ്ഞു.
Content Highlights: Sanju Samson invites Former Liverpool Striker Michael Owen to Kerala With Special Dish