അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള് പോരാട്ടത്തിൽ ലോക ചാംപ്യന്മാരായ അര്ജന്റീനയ്ക്ക് വമ്പൻ ജയം. പോർട്ടോ റിക്കോയെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് അർജന്റീന തോൽപ്പിച്ചത്.
ലയണൽ മെസി രണ്ട് അസിസ്റ്റുകളുമായി കളം നിറഞ്ഞ മത്സരത്തിൽ ലൗത്താരോ മാര്ട്ടിനെസ്, അലക്സിസ് മക്അലിസ്റ്റര് എന്നിവർ രണ്ട് ഗോളുകൾ വീതം നേടി. ഗോണ്സാലോ മോണ്ടിയെല് ഒരു ഗോൾ നേടിയപ്പോൾ ഒരു ഗോൾ പോർട്ടോ റിക്കോയുടെ സെൽഫ് ഗോൾ ആയിരുന്നു.
മറ്റൊരു സൗഹൃദ മത്സരത്തിൽ ജപ്പാൻ ബ്രസീലിനെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്ക്കാണ് കാനറിപ്പടയെ ജപ്പാന് അട്ടിമറിച്ചത്. ആദ്യപകുതിയില് രണ്ട് ഗോളുകള്ക്ക് മുന്നിട്ടുനിന്ന ബ്രസീലിനെ രണ്ടാം പകുതിയില് മൂന്ന് ഗോളുകളടിച്ചാണ് ജപ്പാന് തോല്പ്പിച്ചത്.
അതേ സമയം കേരളത്തിലെ അർജന്റീന-ഓസ്ട്രേലിയ പോരാട്ടത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നവംബർ 17 നാണ് കൊച്ചി ജവാഹർ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അതിവേഗത്തിലുള്ള നിർമാണം പുരോഗമിക്കുകയാണ്. 70 കോടി ചെലവിട്ടാണ് സ്റ്റേഡിയം പുതുക്കിപ്പണിയുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് മെസിയെയും സംഘത്തെയും കേരളത്തിലെത്തിക്കുന്നത്.
Content Highlights- Messi with assists; Argentina beats Puerto Rico by six goals