വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി പോർച്ചുഗീസ് മുന്നേറ്റനിര താരമായ ടിയാഗോ അലക്സാണ്ടർ മെൻഡസ് ആൽവെസുമായുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ1 ലീഗിൽ നിന്നാണ് 29 വയസ്സുകാരനായ താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
പോർച്ചുഗലിലെ കൊയിമ്പ്രയിൽ ജനിച്ച ടിയാഗോയെ വ്യത്യസ്തനാക്കുന്നത് മുന്നേറ്റനിരയിലെ ഏത് പൊസിഷനിലും ഒരുപോലെ കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. പ്രധാനമായും ഇടതു വിങ്ങിൽ അതിവേഗത്തിൽ പന്തുമായി പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറാൻ കഴിവുള്ള ടിയാഗോ ആൽവെസ്, ഒരു സെന്റർ ഫോർവേഡായും അറ്റാക്കിംഗ് മിഡ്ഫീൽഡറായും തന്റെ മികവ് കളത്തിൽ തെളിയിച്ചിട്ടുണ്ട്. പോർച്ചുഗലിന്റെ പ്രശസ്തമായ സ്പോർട്ടിംഗ് സിപി, അക്കാഡമിക്ക കൊയിമ്പ്ര, ഓസ് ബെലെനെൻസസ് തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് ആൽവെസ് ഫുട്ബോൾ പഠനം ആരംഭിച്ചത്. വാർസിം എസ്.സിയിൽ സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ച ശേഷം, പോർച്ചുഗീസ് ലീഗുകളിൽ ശ്രദ്ധേയനായി. 2019 ൽ പോളണ്ടിലെ ഒളിമ്പിയ ഗ്രുഡ്സിയാൻഡെസുമായി കരാർ ഒപ്പിട്ട് അദ്ദേഹം പോർച്ചുഗലിന് പുറത്തേക്ക് ചേക്കേറി. അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചത് പോളണ്ടിലെ ടോപ് ഡിവിഷൻ ക്ലബ്ബായ പിയാസ്റ്റ് ഗ്ലിവൈസിലേക്ക് അദ്ദേഹത്തിന് വഴി തുറന്നു.
ആൽവെസിന്റെ കരിയറിലെ ഏറ്റവും മികച്ച സീസൺ ജപ്പാനിലായിരുന്നു. ജെ2 ലീഗിൽ മോണ്ടെഡിയോ യമഗതക്ക് വേണ്ടി രണ്ട് സീസണുകളിലായി 67 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടി അദ്ദേഹം തിളങ്ങി. പിന്നീട് ബ്രസീലിലെ ബോട്ടഫോഗോ-എസ്.പി, ജപ്പാനിലെ ടോക്കിയോ വെർഡി എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും തിയാഗോ ബൂട്ട് കെട്ടി.
Content Highlights: Kerala Blasters confirm the signing of Portuguese attacker Tiago Alexandre Mendes Alve