
ബേസില് ജോസഫിനൊപ്പമുള്ള സൂപ്പര് ലീഗ് കേരളയുടെ പ്രൊമോയ്ക്ക് ശേഷം മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണൊപ്പം വീഡിയോയുമായി ശശി തരൂര്. കഴിഞ്ഞ പ്രൊമോയില് ശശി തരൂരിനെ വെല്ലുവിളിച്ചായിരുന്നു ബേസില് ജോസഫിന്റെ വീഡിയോ. അതിന് മുന്പ് പൃഥ്വിരാജിനൊപ്പമുള്ള ബേസിലിന്റെ വീഡിയോയും വൈറലായിരുന്നു.
ഇപ്പോള് തന്നെ വിളിച്ച് ഇംഗ്ലീഷില് 'ഭീഷണി'പ്പെടുത്തുന്ന തിരുവനന്തപുരം കൊമ്പന്സിന്റെ രക്ഷാധികാരിയായ ശശി തരൂരിന് മറുപടി നല്കുന്ന മലപ്പുറം എഫ്സിയുടെ ഉടമയായ സഞ്ജു സാംസണാണ് പുതിയ പ്രൊമോയിലുള്ളത്. രസകരമായ പ്രൊമോ വീഡിയോയാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാവുന്നത്.
എന്താ സാര് ബാറ്റിങ്ങില് ടിപ്സ് തരാന് വിളിച്ചതാണോ? എന്നാണ് സഞ്ജു ഫോണിലൂടെ ശശി തരൂരിനോട് ചോദിക്കുന്നത്. ക്രിക്കറ്റല്ല ഇന്ന് ഫുട്ബോളിനെ കുറിച്ച് സംസാരിക്കാനാണ് ഞാന് വിളിച്ചത്. സൂപ്പര് ലീഗ് കേരളയില് ഇത്തവണ തിരുവനന്തപുരമാണ് കപ്പടിക്കാന് പോകുന്നതെന്ന് പറയാനാണ് വിളിച്ചതെന്നും തരൂര് മറുപടി പറയുന്നുണ്ട്.
'എല്ലാ ബഹുമാനത്തോടുകൂടിയും ഞാന് പറയുകയാണ്, മലപ്പുറം ഉള്ളിടത്തോളം കാലം തിരുവനന്തപുരത്തിന് കപ്പ് തൂക്കുകയെന്നത് എളുപ്പമല്ല', എന്ന് സഞ്ജു തിരിച്ചുപറഞ്ഞു. 'നമുക്ക് നോക്കാം സഞ്ജൂ, ഗ്രൗണ്ടിലേക്ക് വായോ', എന്ന് പറഞ്ഞ തരൂരിനോട് എന്താ സാര് ഒരു ഭീഷണിയുടെ സ്വരമെന്ന് സഞ്ജു തിരിച്ചുചോദിക്കുന്നുണ്ട്. അപ്പോള് ചിരിച്ചുകൊണ്ട് ഭീഷണിയോ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ തരൂര് തന്റെ കടുകട്ടിയായ ഇംഗ്ലീഷില് സഞ്ജുവിനോട് സംസാരിക്കുകയാണ്.
ഇതുകേട്ട് അത്ഭുതപ്പെട്ട സഞ്ജു തിരിച്ച് 'രാജസ്ഥാന് മരുഭൂമി മേം മണല് മത് ടാലോ ശശി സാര്' എന്നുപറഞ്ഞാണ് തരൂരിന്റെ വായടപ്പിക്കുന്നത്. നാളെയാണ് (ഒക്ടോബര് അഞ്ച്) തിരുവനന്തപുരം കൊമ്പന്സ് എഫ്സി- കണ്ണൂര് വാരിയേഴ്സ് എഫ്സി പോരാട്ടം. തിരുവനന്തപുരം ചന്ദ്രശേഖരന് നായര് സ്റ്റേഡിയത്തില് രാത്രി 7.30 നാണ് കിക്കോഫ്.
Content Highlights:Super League Kerala; Promo of Sanju Samson and Shashi Tharoor Goes Viral