പലസ്തീനിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണത്തിൽ വീണ്ടും പ്രതികരണവുമായി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഗസയിൽ സ്ത്രീകളും കുഞ്ഞുങ്ങളും യുവാക്കളും ഉൾപ്പെടെ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രയേലിനെതിരെ പ്രതിഷേധമായി സ്പെയിനിലെ ബാഴ്സലോണ തെരുവിലിറങ്ങാനാണ് വിഖ്യാത പരിശീലകനും മുൻ താരവുമായ പെപ് ഗ്വാർഡിയോളയുടെ ആഹ്വാനം.
‘ആയിരക്കണക്കിന് കുട്ടികൾ ഇതിനകം മരിച്ചു കഴിഞ്ഞു, ഇനിയും നിരവധി പേർ മരിച്ചേക്കാം. ഗസ തകർന്നു കഴിഞ്ഞു. ഭക്ഷണമോ കുടിവെള്ളമോ മരുന്നോ ഇല്ലാതെ മനുഷ്യർ ജീവനോട് മല്ലിടുകയാണ്. ഇതെല്ലം കണ്ടിട്ടും മൗനം നടിക്കുന്ന ഭരണകൂടങ്ങൾ എതിർക്കപ്പെടണമെന്നും' ഗ്വാർഡിയോള പറഞ്ഞു.
ഇതിന് മുമ്പും പലസ്തീന് ഐക്യദാർഢ്യവുമായി ഗ്വാർഡിയോള രംഗത്തെത്തിയിരുന്നു. മാഞ്ചസ്റ്റർ സർവകലാശാല ഓണററി ബിരുദം നൽകി ആദരിച്ച ഒരു ചടങ്ങിൽ ഇസ്രയേൽ നടത്തുന്ന കൂട്ടുക്കുരുതികളെ രൂക്ഷമായാണ് വിമർശിച്ചിരുന്നത്. ഗസയിലെ കുഞ്ഞുങ്ങളുടെ ഈ ദുരിതകാലത്തെ കുറിച്ച് അറിഞ്ഞതിന് ശേഷം, എന്റെ കുഞ്ഞുങ്ങളായ മരിയയുടെയും മരിയസിന്റെയും വലന്റിനയുടെയും മുഖമാണ് ഞാന് അവരില് കാണുന്നതെന്നും പെപ് അന്ന് കൂട്ടിച്ചേർത്തിരുന്നു.
അതേ സമയം ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. ഫുട്ബാളിലേക്കും ഇതിന്റെ അലയൊലികൾ ഇതിനകം പ്രവേശിച്ചിട്ടുണ്ട്.
Content Highlights :pep guardiola palestine support