കേരള ബ്ലാസ്റ്റേഴ്സിന്റെ മുന് കോച്ച് ഇവാന് വുകോമനോവിച്ച് പലപ്പോഴും തനിക്ക് ആത്മവിശ്വാസം നല്കിയിരുന്നില്ലെന്ന് മുന് താരം രാഹുല് കെപി. കേരള ബ്ലാസ്റ്റേഴ്സില് കളിച്ചിരുന്ന കാലത്തെ കുറിച്ച് സ്പോര്ട്സ് റിപ്പോര്ട്ടിന് നല്കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. കോച്ച് ഇവാന് വുകോമനോവിച്ചിനെയും ക്യാപ്റ്റന് അഡ്രിയാന് ലൂണയെയും കുറിച്ച് സംസാരിക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം.
'എല്ലാം നല്ലതായിരുന്നു. ഒരു കോച്ച് പ്ലേയറിന് നല്കേണ്ടത് കോണ്ഫിഡന്സാണ്. എനിക്ക് പലപ്പോഴും അത് ലഭിച്ചിട്ടില്ല. ഒരുപക്ഷേ അത് കോച്ചിന്റെ സ്ട്രാറ്റജി ആയിരിക്കാം. എല്ലാം ഒരു പ്ലേയറിന് നല്കികഴിഞ്ഞാല് ആ പ്ലേയറിന് വളരാന് സാധിച്ചെന്ന് വരില്ല. പലതവണയും കോച്ച് എന്നോട് ഒന്നും പറയാതെ വിട്ടിട്ടുണ്ട്. ചിലപ്പോള് ഞാന് തന്നെ സ്വയം ചിന്തിച്ചെടുക്കാനായിരിക്കാനായിരിക്കാമെന്ന് ഞാന് ഇപ്പോള് മനസിലാക്കുന്നുണ്ട്. പക്ഷേ എല്ലാ കോച്ചില് നിന്നും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ടാകും. കോച്ചില് നിന്നും ഞാന് ഒരുപാട് കാര്യങ്ങള് പഠിച്ചിട്ടുണ്ട്', രാഹുല് പറഞ്ഞു.
2021 സീസണില് ചുമതലയേറ്റ കോച്ച് ഇവാന് വുകോമാനോവിച്ച് 2024 ഏപ്രില് 26നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചത്. തുടര്ച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫില് എത്തിച്ച ഇവാന് ആദ്യ സീസണില് തന്നെ ടീമിനെ ഫൈനലില് എത്തിക്കുവാനും സാധിച്ചിരുന്നു.
അതേസമയം 2025 ജനുവരിയിലാണ് രാഹുല് കേരള ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങുന്നത്. പെര്മനന്റ് ട്രാന്സ്ഫറിലൂടെ താരം ഒഡീഷ എഫ്സിയിലേക്ക് കൂടുമാറിയെന്ന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. 2019 മുതല് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ് രാഹുല്. എട്ട് ഗോളുകള് നേടിയ താരം 81 തവണ ക്ലബ്ബിനുവേണ്ടി ബൂട്ടണിഞ്ഞു.
Content Highlights: Rahul KP about Former Kerala Blasters Coach Ivan Vukomanovic