കേരളാ ബ്ലാസ്റ്റേഴ്സ് ക്ലബ്ബ് വിടാനുള്ള തീരുമാനം തന്റേതായിരുന്നില്ലെന്ന് മലയാളി യുവതാരം രാഹുല് കെപി. കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരിക്കല് തിരിച്ചുവരുമെന്നും നിലവില് ഒഡീഷ എഫ്സി താരമായ രാഹുല് പറഞ്ഞു. സ്പോര്ട്സ് റിപ്പോര്ട്ടറിന് നല്കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
'ബ്ലാസ്റ്റേഴ്സ് വിടാനുള്ളത് ഒരിക്കലും തന്റെ തീരുമാനമായിരുന്നില്ല. ക്ലബ്ബിനകത്ത് ഒരുപാട് കാര്യങ്ങള് നടന്നിട്ടുണ്ട്. അത് പുറത്തുപറയാന് താത്പര്യപ്പെടുന്നില്ല. പക്ഷേ ആറ് വര്ഷം ക്ലബ്ബില് കളിക്കാന് സാധിച്ചതില് സന്തോഷം മാത്രമാണുള്ളത്. ക്ലബ്ബ് വിടേണ്ട സമയമാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്റെ പ്രകടനവും അന്ന് മികച്ചതായിരുന്നില്ല. നന്നായി കളിക്കണമെന്ന് ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നെങ്കിലും ആരാധകര് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന് സാധിച്ചിരുന്നില്ല. അത് ടീം മാനേജ്മെന്റിനും തോന്നിയതുകൊണ്ടാവാം അവര് അങ്ങനെ തീരുമാനമെടുത്തത്', രാഹുല് പറഞ്ഞു.
'മറ്റുള്ള താരങ്ങള് ബ്ലാസ്റ്റേഴ്സില് വരണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം. എനിക്ക് ഇനിയും ഈ ക്ലബ്ബില് തിരിച്ചുവരണം. ഒരിക്കലും ഇതാരുടെയും ക്ലബ്ബല്ല. കേരളത്തില് ജനിച്ചുവളര്ന്ന എനിക്ക് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ തിരിച്ചുവരണം. ആ തിരിച്ചുവരവ് ഞാന് അര്ഹിക്കുന്നുണ്ടെന്നും മികച്ച പ്രകടനം കാഴ്ചവെക്കാന് എനിക്ക് സാധിക്കുമെന്നും തോന്നിയാല് ഞാന് ക്ലബ്ബിലേക്ക് തിരിച്ചെത്തും. അതിന് വേണ്ടിയാണ് ഞാന് ഇപ്പോള് പരിശ്രമിക്കുന്നത്', രാഹുല് കൂട്ടിച്ചേര്ത്തു.
2025 ജനുവരിയിലാണ് രാഹുല് കേരള ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങുന്നത്. പെര്മനന്റ് ട്രാന്സ്ഫറിലൂടെ താരം ഒഡീഷ എഫ്സിയിലേക്ക് കൂടുമാറിയെന്ന് കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. 2019 മുതല് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാണ് രാഹുല്. എട്ട് ഗോളുകള് നേടിയ താരം 81 തവണ ക്ലബ്ബിനുവേണ്ടി ബൂട്ടണിഞ്ഞു.
Content Highlights: Rahul KP about Leaving Kerala Blasters Football Club