കിടിലൻ ഗോളുമായി റൊണാൾഡോ! ഇത്തിഹാദിനെ തകർത്ത് അൽ നസർ

അൽ നസറിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനെയും ഓരോ ഗോളുകൾ നേടി

സൗദി പ്രോ ലീഗിൽ അൽ നസറിന് വിജയം .കിംഗ് അബ്ദുള്ള സ്‌പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അൽ ഇത്തിഹാദിനെ രണ്ട് ഗോളുകൾക്കാണ് അൽ നസർ വിജയം നേടിയത്. അൽ നസറിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും സാദിയോ മാനെയും ഓരോ ഗോളുകൾ നേടി.

കിംഗ്സ്ലി കൊമാന്റെ മികച്ച മുന്നേറ്റങ്ങളിലൂടെയാണ് മത്സരം ആരംഭിച്ചത്. ഒമ്പതാം മിനിറ്റിൽ കൊമാൻ നൽകിയ ക്രോസിൽ നിന്ന് തകർപ്പൻ വോളിയിലൂടെ മാനെ അൽ നസറിന് ആദ്യ ലീഡ് നൽകി. ഒന്നാം പകുതിയുടെ അവസാന സൂപ്പർ താരം റൊണാൾഡോയുടെ ഗോളിലൂടെ നസർ ലീഡുയർത്തി. മാനെ നൽകിയ കൃത്യമായ ക്രോസിൽ ഉയർന്നു ചാടിയ റൊണാൾഡോ ഹെഡ്ഡറിലൂടെയാണ് ടീമിന്റെ രണ്ടാം ഗോൾ നേടിയത്.

അൽനസറിന്റെ ശക്തമായ പ്രതിരോധ നിരയെ തകർക്കാൻ അൽ ഇത്തിഹാദിന് സാധിച്ചില്ല. കരീം ബെൻസിമയെ നിശബ്ധനാക്കി നിർത്താൻ അൽ നസർ ഡിഫൻസിന് സാധിച്ചു. സ്റ്റീവൻ ബെർഗ്വിൻ, മൂസ ഡയബി എന്നിവർക്ക് സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ജയത്തോടെ സ്വന്തം തട്ടകത്തിൽ തുടർന്ന 19 മത്സരങ്ങളിലെ അൽ ഇത്തിഹാദിന്റെ അപരാജിത കുതിപ്പിന് വിരാമമിടാൻ അൽ നസറിന് സാധിച്ചു. വിജയത്തോടെ നാല് കളികളിൽ നിന്ന് 12 പോയിന്റുമായി അൽ നസർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.

Content Highlights- Al Nasr Win against Al itthihad

To advertise here,contact us