
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള് താരത്തിന് ഫ്രഞ്ച് ഫുട്ബോള് മാസികയായ 'ഫ്രാന്സ് ഫുട്ബോള്' സമ്മാനിക്കുന്ന ബാലണ് ദ ഓര് പുരസ്കാര പ്രഖ്യാപനം തിങ്കളാഴ്ച. ചാമ്പ്യന്സ് ലീഗ് ജേതാക്കളായ പിഎസ്ജിയുടെ സ്ട്രൈക്കര് ഉസ്മാന് ഡെംബലെയാണ് ആരാധകരുടെ സാധ്യതാ പട്ടികയില് മുന്നിലുള്ളത്. ബാഴ്സലോണയുടെ കൗമാരതാരം ലാമിന് യമാലാണ് സാധ്യതയുള്ള മറ്റൊരു താരം.
പാരിസില് ഇന്ത്യന് സമയം രാത്രി 12.30നാണ് പുരസ്കാര ചടങ്ങുകള് ആരംഭിക്കുക. മികച്ച പുരുഷ താരത്തിനൊപ്പം വനിതാ ഫുട്ബോള് താരം, യുവതാരത്തിനുള്ള കോപ്പ ട്രോഫി, ഗോള് കീപ്പര്ക്കുള്ള യാഷിന് ട്രോഫി, ടോപ് സ്കോറര്ക്കുള്ള ഗെര്ഡ് മുള്ളര്, മികച്ച കോച്ചിനുള്ള യൊഹാന് ക്രൈഫ് തുടങ്ങിയ പുരസ്കാരങ്ങളുടെ അവകാശികളെയും ചടങ്ങില് പ്രഖ്യാപിക്കും.
മാഞ്ചസ്റ്റര് സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിയാണ് കഴിഞ്ഞ വര്ഷം മികച്ച പുരുഷ താരമായത്. ഡെംബലെയ്ക്കും ലമീന് യമാലിനും പുറമെ റാഫീഞ്ഞ്യ, റയലിന്റെ ഫ്രഞ്ച് താരം കിലിയന് എംബാപ്പെ, ബ്രസീല് താരം വിനീഷ്യസ് ജൂനിയര്, ലിവര്പൂളിന്റെ മുഹമ്മദ് സലാ എന്നീ പ്രമുഖരും പട്ടികയിലുണ്ട്.
എട്ടുതവണ പുരസ്കാര ജേതാവായ ലയണല് മെസ്സിയും അഞ്ചുവട്ടം ബാലണ് ദ ഓര് നേടിയ ക്രിസ്റ്റ്യാനോ റൊണാള്ഡോയും ഇക്കുറിയും ചുരുക്കപ്പട്ടികയിലില്ല. നിലവിലെ ജേതാവ് റോഡ്രി ഉള്പ്പെടെ മുന് വിജയികള് ആരും നാമനിര്ദ്ദേശം ചെയ്യപ്പെട്ടിട്ടില്ല. ഇതോടെ ബാലണ് ദ ഓര് പുരസ്കാരത്തിന് പുതിയ അവകാശി ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
Content Highlights: The Ballon d’Or 2025 awards ceremony will take place on Monday