ഓള്‍ഡ് ട്രാഫോര്‍ഡില്‍ ചെകുത്താന്മാര്‍ അവതരിച്ചു! ആവേശപ്പോരില്‍ ചെല്‍സിയെ വീഴ്ത്തി യുണൈറ്റഡ്

രണ്ട് റെഡ് കാര്‍ഡുകള്‍ കണ്ട ആവേശകരമായ മത്സരത്തില്‍ യുണൈറ്റഡിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ത്രില്ലര്‍ വിജയം. കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് മുട്ടുകുത്തിച്ചത്. രണ്ട് റെഡ് കാര്‍ഡുകള്‍ കണ്ട ആവേശകരമായ മത്സരത്തില്‍ ചുവന്ന ചെകുത്തന്മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്. പത്ത് പേരുമായി കളിച്ച യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ വിജയം വിട്ടുകൊടുത്തില്ല.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരം അതിനാടകീയതയോടെയാണ് തുടങ്ങിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ചെല്‍സി ഗോള്‍കീപ്പര്‍ റോബര്‍ട്ട് സാഞ്ചസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായി. യുണൈറ്റഡിന്റെ ബ്രയാന്‍ എംബ്യൂമോയെ പെനാല്‍റ്റി ബോക്‌സിന് പുറത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് സാഞ്ചസിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടിവന്നത്. പിന്നാലെ ഒരു പ്രതിരോധതാരത്തെ പിന്‍വലിച്ച് ഗോള്‍കീപ്പര്‍ ഫിലിപ് ജോര്‍ഗെന്‍സനെ ചെല്‍സിക്ക് ഇറക്കേണ്ടിവന്നു. പിന്നാലെ പത്തുപേരായി ചുരുങ്ങിയാണ് ചെല്‍സിക്ക് കളിതുടരേണ്ടിവന്നത്.

A BIG #PL win 🙌

ഈ ആനുകൂല്യം നന്നായി മുതലെടുത്താണ് യുണൈറ്റഡ് പിന്നീട് കരുക്കള്‍ നീക്കിയത്. 14-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് യുണൈറ്റഡിന്റെ ആദ്യഗോള്‍ നേടി. 37-ാം മിനിറ്റില്‍ ഹെഡറിലൂടെ കാസമിറോ യുണൈറ്റഡിന്റെ സ്‌കോര്‍ ഇരട്ടിയാക്കി. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് കാസമിറോ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടിവന്നു. രണ്ടാം പകുതിയില്‍ പത്തുപേരെ വെച്ചാണ് ഇരുടീമുകളും കളിക്കേണ്ടിവന്നത്.

രണ്ടാം പകുതിയില്‍ തിരിച്ചുവരവിന് വേണ്ടി ചെല്‍സി പരമാവധി ശ്രമിച്ചു. 63-ാം മിനിറ്റില്‍ വെസ്ലി ഫൊഫാന ചെല്‍സിക്ക് വേണ്ടി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിധിച്ചു. പിന്നാലെ 80-ാം മിനിറ്റില്‍ ട്രെവോ ചലോബയിലൂടെ ചെല്‍സി ഒരു ഗോള്‍ മടക്കി. സമനില ഗോളിന് വേണ്ടി ചെല്‍സി കിണഞ്ഞുപരിശ്രമിച്ചെങ്കിലും പ്രതിരോധം ശക്തമാക്കിയതോടെ യുണൈറ്റഡ് വിജയം വിട്ടുകൊടുത്തില്ല.

Content Highlights: Manchester United hang on to beat Chelsea at Old Trafford as both sides see red

To advertise here,contact us