എവര്ടണെതിരായ പ്രീമിയര് ലീഗ് മത്സരത്തില് ലിവര്പൂളിന് വിജയം. പ്രീമിയർ ലീഗിലെ മേഴ്സിസൈഡ് ഡെർബിയില് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് ദി റെഡ്സ് സ്വന്തമാക്കിയത്. ആന്ഫീല്ഡില് നടന്ന ആവേശപ്പോരില് റയാന് ഗ്രാവന്ബെര്ച്ച്, ഹ്യൂഗോ എകിറ്റികെ എന്നിവര് ലിവര്പൂളിന് വേണ്ടി വലകുലുക്കിയപ്പോള് ഇഡ്രിസ ഗുയെയിലൂടെ എവര്ട്ടണ് ഒരുഗോള് മടക്കി.
സ്വന്തം തട്ടകത്തില് നടന്ന മത്സരത്തിന്റെ പത്താം മിനിറ്റില് തന്നെ ലിവര്പൂള് മുന്നിലെത്തി. മുഹമ്മദ് സലായുടെ അസിസ്റ്റില് റയാന് ഗ്രാവന്ബെര്ച്ചാണ് ലിവര്പൂളിന്റെ ആദ്യഗോള് കണ്ടെത്തിയത്. 29-ാം മിനിറ്റില് ഹ്യൂഗോ എകിറ്റികെ ലിവര്പൂളിന്റെ സ്കോര് ഇരട്ടിയാക്കി. റയാന് ഗ്രാവന്ബെര്ച്ചാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
രണ്ടാം പകുതിയില് ഗോളിന് വേണ്ടി എവര്ട്ടണ് പരിശ്രമിച്ചു. തുടര്ന്ന് 58-ാം മിനിറ്റില് ഇഡ്രിസ ഗുയെയിലൂടെ എവര്ട്ടണ് ഒരു ഗോള് മടക്കി. പിന്നാലെ ഇരുടീമുകളും ആക്രമിച്ചുകളിച്ചെങ്കിലും ഗോളുകളൊന്നും പിറന്നില്ല. ഇതോടെ പ്രീമിയര് ലീഗില് അഞ്ച് മത്സരങ്ങളും വിജയിച്ച റെഡ്സ് പോയിന്റ് പട്ടികയില് ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Content Highlights: Liverpool cling on for victory against Everton in Premier League