യുവേഫ ചാംപ്യന്സ് ലീഗില് റയല് മാഡ്രിഡിന് വിജയത്തുടക്കം. സീസണിലെ ആദ്യ മത്സരത്തില് മാഴ്സില്ലെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കാണ് റയല് പരാജയപ്പെടുത്തിയത്. റയലിന് വേണ്ടി എംബാപ്പെ രണ്ട് ഗോളുകള് നേടി. പെനാല്റ്റിയിലൂടെയായിരുന്നു രണ്ട് ഗോളുകളും പിറന്നത്.
സാന്റിയാഗോ ബെര്ണബ്യൂവില് നടന്ന മത്സരത്തിന്റെ തുടക്കത്തില് ലീഡെടുത്തത് മാഴ്സില്ലെയായിരുന്നു 22-ാം മിനിറ്റില് തിമോത്തി വീയാണ് റയലിനെ ഞെട്ടിച്ച് ആദ്യഗോള് ഗോള് നേടിയത്. ആറ് മിനിറ്റുകള്ക്കുള്ളില് റയല് തിരിച്ചടിച്ചു. 28-ാം മിനിറ്റില് ലഭിച്ച പെനാല്റ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെയാണ് റയലിനെ ഒപ്പമെത്തിച്ചത്.
രണ്ടാം പകുതിയുടെ 72-ാം മിനിറ്റില് മാഴ്സില്ലെയുടെ അര്ജന്റൈന് ഗോള്കീപ്പര് റുള്ളിയെ ഫൗള് ചെയ്തതിന് ഡാനി കാര്വഹാലിന് റെഡ് കാര്ഡ് ലഭിച്ചു. ഇതോടെ പത്ത് പേരുമായാണ് റയല് കളിച്ചത്. എന്നാല് ഈ ആനുകൂല്യവും മുതലെടുക്കാന് മാഴ്സില്ലെയ്ക്ക് സാധിച്ചില്ല. 81-ാം മിനിറ്റില് അടുത്ത പെനാല്റ്റിയും ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെ റയലിന് വിജയം സമ്മാനിച്ചു.
Content Highlights: UEFA Champions League: Mbappe penalty double gives Real Madrid opening win over Marseille