പാകിസ്താനിൽ നിന്നും വ്യാജ ഫുട്‌ബോൾ ടീം; വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ച് ജപാൻ

ജാപനീസ് അധികൃതർ തട്ടിപ്പ് വെളിപ്പെടുത്തിയതിനെത്തുടർന്ന് കളിക്കാരാണെന്ന് അവകാശപ്പെടുന്ന ഇരുപത്തിരണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

പ്രൊഫഷണൽ ഫുട്‌ബോൾ കളിക്കാരുടെ വേഷം ധരിച്ച് ജപാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച മനുഷ്യക്കടത്ത് സംഘത്തെ പിടികൂടിയതായി പാകിസ്താൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ). ജാപനീസ് അധികൃതർ തട്ടിപ്പ് വെളിപ്പെടുത്തിയതിനെത്തുടർന്ന് കളിക്കാരാണെന്ന് അവകാശപ്പെടുന്ന ഇരുപത്തിരണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.

പാകിസ്താൻ ഫുട്‌ബോൾ ഫെഡറേഷനുമായി (പിഎഫ്എഫ്) ബന്ധം അവകാശപ്പെട്ട്, വിദേശകാര്യ മന്ത്രാലയം നൽകിയെന്ന് ആരോപിക്കുന്ന വ്യാജ നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (എൻഒസി) കൈവശം വച്ചാണ് പ്രതികൾ യാത്ര ചെയ്തതെന്ന് എഫ്‌ഐഎ വൃത്തങ്ങൾ അറിയിച്ചു. ഫുട്‌ബോൾ കിറ്റ് ധരിച്ചാണ് ഇവർ എത്തിയത്.

ചോദ്യം ചെയ്യലിൽ സംശയം തോന്നിയതിനെത്തുടർന്ന് സംഘത്തെ ജാപ്പനീസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പാകിസ്താനിലേക്ക് തിരിച്ചയച്ചു. പാകിസ്താൻ വിമാനത്താവളങ്ങളിൽ നിന്നും സംശയങ്ങളൊന്നും ജനിപ്പിക്കാതെ എങ്ങനെയാണ് ഇവർക്ക് വിമാനങ്ങളിൽ പ്രവേശിക്കാൻ കഴിഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

സിയാൽകോട്ടിലെ പാസ്രൂർ സ്വദേശിയായ മാലിക് വഖാസാണ് ഈ പദ്ധതിക്ക് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഗോൾഡൻ ഫുട്‌ബോൾ ട്രയൽ എന്ന പേരിൽ വ്യാജ ഫുട്‌ബോൾ ക്ലബ് ആരംഭിച്ചയാളാണ് മാലിക്. യാത്രയ്ക്കായി ഓരോ ഉദ്യോഗാർത്ഥികളിൽ നിന്നും 4 മില്യൺ മുതൽ 4.5 മില്യൺ രൂപ വരെ വഖാസ് ഈടാക്കിയതായി ആരോപിക്കപ്പെടുന്നു. സെപ്റ്റംബർ 15 ന് ഗുജ്രൻവാലയിലെ എഫ്ഐഎയുടെ കോമ്പോസിറ്റ് സർക്കിൾ ഇയാളെ അറസ്റ്റ് ചെയ്തു, ഇയാൾക്കെതിരെ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.

ഇതേ രീതിയിലൂടെ മനുഷ്യക്കടത്ത് നടത്താനുള്ള വഖാസിന്റെ ആദ്യ ശ്രമമല്ല ഇതെന്ന് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം ജനുവരിയിൽ, സമാനമായ വ്യാജ രേഖകളും ജാപനീസ് ക്ലബ്ബായ ബോവിസ്റ്റ എഫ്സിയിൽ നിന്നുള്ള വ്യാജ ക്ഷണക്കത്തുകളും ഉപയോഗിച്ച് 17 ആളുകൾക്ക ജപാനിലേക്ക് യാത്ര ചെയ്യാൻ അദ്ദേഹം ഏർപ്പാട് ചെയ്തിരുന്നു. അവരിൽ ആരും പാകിസ്താനിലേക്ക് തിരിച്ചെത്തിയിട്ടില്ല എന്നാണ് വിവരം.

Content Highlights- Fake Football team from pakistan went to japan

To advertise here,contact us