പത്തുപേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം കുറഞ്ഞില്ല; ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് ആവേശവിജയം

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ പത്ത് പേരായി ചുരുങ്ങിയിട്ടും റയല്‍ വിജയം വിട്ടുകൊടുത്തില്ല

ലാ ലിഗയില്‍ ആവേശവിജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. റയല്‍ സോസിഡാഡിനെതിരെ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് റയല്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ പത്ത് പേരായി ചുരുങ്ങിയിട്ടും റയല്‍ വിജയം വിട്ടുകൊടുത്തില്ല.

റയല്‍ മാഡ്രിഡിന് വേണ്ടി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും അര്‍ദ ഗുലെറും സ്‌കോര്‍ ചെയ്തപ്പോള്‍, റയല്‍ സോസിഡാഡിനായി മിക്കല്‍ ഒയാര്‍സബാല്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ മടക്കി. മത്സരത്തിന്റെ 12-ാം മിനിറ്റില്‍ എംബാപ്പെയാണ് റയല്‍ മാഡ്രിഡിന്റെ ആദ്യഗോള്‍ നേടുന്നത്.

32-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ഹുയ്‌സെന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ റയല്‍ മാഡ്രിഡ് പത്തുപേരായി ചുരുങ്ങി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് റയല്‍ ലീഡ് ഇരട്ടിയാക്കി. എംബാപ്പെയുടെ കിടിലന്‍ പാസില്‍ നിന്നാണ് ആര്‍ദ ഗുലെറാണ് റയലിന്റെ രണ്ടാം ഗോള്‍ നേടിയത്.

ആനുകൂല്യം മുതലെടുത്ത റയല്‍ സോസിഡാഡ് രണ്ടാം പകുതിയില്‍ ആക്രമണം ശക്തമാക്കി. 54-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഒയാര്‍സബാല്‍ സോസിഡാഡിനായി ഗോള്‍ നേടിയതോടെ സ്‌കോര്‍ 2-1 ആയി. എന്നാല്‍ പിന്നീട് പ്രതിരോധം കടുപ്പിച്ച റയല്‍ വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ ലാ ലിഗയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് റയല്‍ മാഡ്രിഡ്.

Content Highlights: Kylian Mbappe Screamer Against Real Sociedad: Real Madrid Smiles in LaLiga

To advertise here,contact us